‘ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നത് നിയമവിരുദ്ധം’: ഇന്ന് മുതല്‍ കേരളത്തില്‍ നോക്കുകൂലിയില്ല

single-img
1 May 2018

സാധനങ്ങള്‍ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന സ്ഥലങ്ങളില്‍ കാഴ്ചക്കാരായി നിന്ന് നോക്കുകൂലിയെന്ന പേരില്‍ അന്യായമായി പണം പിടിച്ചുവാങ്ങുന്ന ദുഷ്‍പ്രവണതക്ക് ലോകതൊഴിലാളി ദിനമായ ഇന്ന് മുതല്‍ അന്ത്യം. ഇന്ന് മുതല്‍ കേരളത്തില്‍ നോക്കുകൂലിയില്ല. നോക്കുകൂലി അവസാനിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.

സംസ്ഥാനത്ത് ആരോഗ്യകരമായ തൊഴില്‍ സംസ്കാരം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് നോക്കുകൂലി അവസാനിപ്പിച്ചുകൊണ്ടുള്ള ഉത്തരവ്. ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നത് നിയമവിരുദ്ധമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ വകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

ജില്ല ലേബര്‍ ഓഫീസര്‍മാര്‍ നിശ്ചയിച്ച ഏകീകൃത നിരക്ക് പ്രകാരമാകണം കയറ്റിറക്ക് കൂലി. ചുമട്ടുതൊഴിലാളി നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ള ഗാര്‍ഹികാവശ്യത്തിനും, കൃഷിയാവശ്യത്തിനുമുളള കയറ്റിറക്കിന് ഉടമയ്ക്ക് ഇഷ്ടമുള്ളവരെ നിയോഗിക്കാവുന്നതും കരാ‍ര്‍ പ്രകാരം കൂലി നല്‍കാവുന്നതുമാണ്. സംഘടനകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്ന പ്രവണതയും അവസാനിപ്പിക്കും.

കേരളത്തെ തൊഴില്‍ സൗഹൃദ-നിക്ഷേപക സൗഹൃദ സംസ്ഥാനമാക്കി മാറ്റാനുള്ള സര്‍ക്കാര്‍ ശ്രമത്തിന് എല്ലാ തൊഴിലാളി സംഘടനകളുടെയും പിന്തുണ പ്രതീക്ഷിക്കുന്നതായി തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ പ്രസ്താവനയില്‍ അറിയിച്ചു. നേരത്തെ വിവിധ ട്രേഡ് യൂണിയനുകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു. എന്നാല്‍ അതിന് ശേഷവും നടന്‍ സുധീര്‍ കരമനയുടെ വീട്ടിലേക്ക് വന്ന സാധനങ്ങള്‍ക്ക് നോക്കുകൂലി വാങ്ങിയത് വിവാദമായിരുന്നു. പിന്നീട് ഈ പണം തിരിച്ചുനല്‍കി.