എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതൊക്കെ ചെറിയ കേസല്ലേ; വിവാദ പ്രസ്താവനയുമായി ബിജെപി മന്ത്രി

single-img
1 May 2018

കത്വ സംഭവത്തിൽ വിവാദ പ്രസ്താവനയുമായി പുതുതായി ചുമതലയേറ്റ ജമ്മുകാശ്മീര്‍ ഉപമുഖ്യമന്ത്രി കവിന്ദർ ഗുപ്ത. എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് ചെറിയ കേസാണെന്ന് ഉപമുഖ്യമന്ത്രി കവിന്ദർ ഗുപ്ത പറഞ്ഞു.

മന്ത്രിസഭ അഴിച്ചുപണിയാന്‍ കാരണം വരെ കത്വ സംഭവമല്ലെ എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു ഗുപ്ത. അതൊരു ചെറിയ പ്രശ്‌നമാണ്. ഇനി അത്തരത്തിലുള്ള സംഭവങ്ങളൊന്നും നടക്കില്ല. ആ കുട്ടിക്ക് നീതി ലഭിക്കും. സര്‍ക്കാരിനെ അപേക്ഷിച്ച് അതിലും വലിയ പ്രശ്‌നങ്ങളാണ് മുന്നിലുള്ളത്. ഇത്തരം ചെറിയ കാര്യങ്ങള്‍ ഇനി ഉയര്‍ത്തിക്കാണിക്കേണ്ടതില്ല- ഉപമുഖ്യമന്ത്രി പറഞ്ഞു.

ഉപമുഖ്യമന്ത്രിയുടെ വിവാദ പരാമർശം കോൺഗ്രസ് നേതാവ് സൽമാൻ നിസാമിയാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. എന്നാൽ കേസിൽ സുപ്രീംകോടതി വിധി വരാനുണ്ടെന്നും ഇപ്പോൾ അത് ചർച്ച ചെയ്യേണ്ടതില്ലെന്നും മാത്രമാണ് താൻ ഉദ്ദേശിച്ചതെന്നുമാണ് കവിന്ദർ ഗുപ്തയുടെ വിശദീകരണം.