നികുതി വിഹിതം ഇനി മൂന്ന് മാസത്തിലൊരിക്കല്‍: സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി കൂടുതല്‍ പ്രതിസന്ധിയിലാക്കി കേന്ദ്രസര്‍ക്കാര്‍

single-img
1 May 2018

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സംസ്ഥാന സര്‍ക്കാരിന് ഇരുട്ടടിയായി കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഇതുവരെ മാസം തോറും സംസ്ഥാനത്തിന് നല്‍കിയിരുന്ന നികുതി വിഹിതം ഇനി മുതല്‍ മൂന്ന് മാസത്തിലൊരിക്കല്‍ ആക്കുവാനുള്ള കേന്ദ്ര ധനമന്ത്രാലയത്തിന്റെ തീരുമാനമാണ് കേരള സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്.

എന്നാല്‍ സംസ്ഥാനത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രി കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് കത്തെഴുതി കാത്തിരിക്കുകയാണ്. മാസം 1400 കോടി രൂപ വീതമാണ് കേരളത്തിന് കേന്ദ്രം നല്‍കേണ്ടത്.

പതിനാലാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് ഈ തുക. ഇൗ വിഹിതം തന്നെ വളരെ കുറഞ്ഞുപോയി എന്നും ഇതിനുള്ള മാനദണ്ഡം പുനഃപരിശോധിക്കണമെന്നുമുള്ള ആവശ്യം നിലനില്‍ക്കവെയാണ് ഇരുട്ടടിയായി പുതിയ തീരുമാനം.

നിലവില്‍ ചരക്ക് സേവന നികുതി അനുസരിച്ച് നല്‍കുന്ന വിഹിതത്തില്‍ ആദായ നികുതി, കേര്‍പ്പറേഷന്‍ നികുതി തുടങ്ങിയവ മൂന്നു മാസത്തിലൊരിക്കലേ നല്‍കാനാവു എന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇതോടെ ഓരോ മാസവും 500 മുതല്‍ 600 കോടി രൂപ വരെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

അതായത് മൂന്ന് മാസം കൂടുമ്പോള്‍ 1800 കോടി വരെ കുറവുണ്ടാകും. ഇത് നിലവില്‍ പണച്ചുരുക്കം നേരിടുന്ന സര്‍ക്കാരിന് വന്‍ സാമ്പത്തീക പ്രതിസന്ധിയുണ്ടാക്കും.