ശ്രീദേവിക്കായി സിനിമ നിര്‍മ്മിക്കാനൊരുങ്ങി ബോണി കപൂര്‍

single-img
1 May 2018

ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് ചലച്ചിത്രതാരം ശ്രീദേവി വിട പറഞ്ഞത്. ദുബായില്‍ നടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ശ്രീദേവിയെ ഹോട്ടല്‍ മുറിയിലെ ബാത്ത്ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവിധ ഭാഷകളിലായി 300 ഓളം ചിത്രങ്ങളില്‍ തന്റെ അഭിനയമികവ് കൊണ്ട്
പ്രേക്ഷകരെ അമ്പരപ്പിച്ച ശ്രീദേവിക്കായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ദേശീയ ബഹുമതി. ഒരു പക്ഷേ മരണാനന്തരം ഈ ബഹുമതി നേടുന്ന ആദ്യ വ്യക്തിയും ശ്രീദേവിയാണ്.

ഇപ്പോഴിതാ പ്രശസ്ത ബോളിവുഡ് നിര്‍മ്മാതാവും ശ്രീദേവിയുടെ ഭര്‍ത്താവുമായ ബോണികപൂര്‍ ശ്രീദേവിക്കായി ഒരു ചിത്രം നിര്‍മ്മിക്കാനൊരുങ്ങുന്നതായാണ് വാര്‍ത്തകള്‍. ഇതിനായി മൂന്ന് സിനിമാ ടൈറ്റിലുകള്‍ ബോണി കപൂര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ ബോണി കപൂര്‍ തയ്യാറായില്ല.

ചിത്രം നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്. അത് പക്ഷേ ബയോപിക്കോ അല്ലെങ്കില്‍ ഡോക്യൂമെന്ററിയോ ആകുമെന്ന് പറയാനാകില്ല. ചിത്രം സംബന്ധിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ല. ചിത്രവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ തീരുമാനമായിക്കഴിഞ്ഞാല്‍ ഏവരെയും അറിയിക്കുമെന്നും ബോണി കപൂര്‍ പറഞ്ഞു.

ഹിന്ദി, തമിഴ്, മലയാളം തുടങ്ങി നിരവധി ഭാഷകളില്‍ ആരാധകരെ സൃഷ്ടിച്ച ശ്രീദേവിയുടെ മരണം നികത്താനാകാത്ത നഷ്ടമെന്നാണ് ചലച്ചിത്രലോകം അനുസ്മരിച്ചത്. ശ്രീദേവിയുടെ ചിതാഭസ്മം ഗംഗയിലും രാമേശ്വരത്തുമാണ് ബന്ധുക്കള്‍ നിമജ്ജനം ചെയ്തത്.