ഏറെക്കാലമായുള്ള തന്റെ സ്വപ്‌നം സഫലമായെന്ന് മുപ്പതാം ജന്മദിനത്തില്‍ അനുഷ്‌ക ശര്‍മ്മ

single-img
1 May 2018

ഇന്‍സ്റ്റാഗ്രാമിലാണ് ചലച്ചിത്ര താരവും ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഭാര്യയുമായ അനുഷ്‌ക തന്റെ സന്തോഷം പങ്കുവെച്ചത്. ജീവിതത്തില്‍ ഏറെ നാളായി ആഗ്രഹിച്ചിരുന്ന കാര്യം സാധിക്കുന്നതിന്റെ വിവരങ്ങളാണ് താരം കുറിച്ചത്. തികഞ്ഞ മൃഗസ്‌നേഹിയായ അനുഷ്‌ക മൃഗങ്ങള്‍ക്കായി ഒരു പുനരധിവാസ കേന്ദ്രമാണ് ആരംഭിക്കുന്നത്. മുംബൈ നഗരത്തിന് പുറത്താണ് അനിമല്‍ ഷെല്‍ട്ടര്‍ ആരംഭിക്കുക. ഉടമകള്‍ ഉപേക്ഷിച്ചവയും, തെരുവില്‍ അലഞ്ഞു തിരിയുന്നതുമായ മൃഗങ്ങളെ ഇവിടെ സംരക്ഷിക്കുന്നതാണ് പദ്ധതി.

മനുഷ്യര്‍ക്ക് തുല്യമായ അവകാശങ്ങളും, സംരക്ഷണവും സ്‌നേഹവും മൃഗങ്ങള്‍ക്കും ലഭിക്കണമെന്ന ആശയത്തില്‍ നിന്നാണ് തന്റെ സംരംഭത്തിന്റെ തുടക്കമെന്നും താരം വിശദീകരിക്കുന്നു. അനുഷ്‌ക്കയുടെ പോസ്റ്റിന് ആലിയ ഭട്ട് അടക്കമുള്ള സിനിമാ താരങ്ങളും, ആരാധകരും,സഹപാഠികളും പിന്തുണ അറിയിച്ച് രംഗത്തെത്തി.

മൃഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ നേരത്തെ തന്നെ ശക്തമായി പ്രതികരിച്ചിട്ടുള്ള താരമാണ് അനുഷ്‌ക. കൂടാതെ സിനിമാ സെറ്റുകളിലും മറ്റിടങ്ങളിലും കണ്ടുമുട്ടുന്ന മൃഗങ്ങളുടെ ചിത്രങ്ങളും താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെയ്ക്കാറുമുണ്ട്. പിന്തുണ അറിയിച്ചവരോട് ഇത്തരത്തിലുള്ള സംരംഭവുമായി മുന്നോട്ട് വരാനും താരം അഭ്യര്‍ത്ഥിച്ചു. അതേ സമയം തന്റെ ജീവിതത്തില്‍ ഏറ്റവും വിശ്വസ്തയും, പോസിറ്റീവ് ചിന്താഗതിയുമുള്ള പ്രിയതമയ്ക്ക് ജന്മദിനാശംസകള്‍ നേരുന്നുവെന്നാണ് വിരാട് കോഹ്ലി ട്വിറ്ററില്‍ കുറിച്ചത്.