ഉനയില്‍ 450 ദളിതര്‍ ഹിന്ദുമതമുപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചതിനെ ന്യായീകരിച്ച് ബിജെപി എം പി; രാജ്യം അപകടകരമായ അവസ്ഥയിലെന്നും ഇതിന് എന്താണ് മറുമരുന്നെന്ന് തനിക്ക് അറിയില്ലെന്നും എം പി

single-img
30 April 2018


ഗാന്ധിനഗര്‍: ഗുജറാത്തിലെ ഉനയില്‍ രണ്ടു വര്‍ഷം മുന്‍പ് ഗോസംരക്ഷകരുടെ മര്‍ദ്ദനത്തിനിരയായ ദളിതര്‍ ബുദ്ധമതം സ്വീകരിച്ചു. കഴിഞ്ഞ ദിവസം ഇവരെ ഗ്രാമത്തില്‍ തന്നെയുള്ള ചിലര്‍ വീണ്ടും ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിക്കുന്നതായി ഉനയിലെ ഇരകളടക്കം 45 കുടുംബങ്ങള്‍ പ്രഖ്യാപിച്ചത്.

ഉന ഇരകളായ ബാലുഭായ് ശരവയ്യ, മക്കളായ രമേശ്, വശ്രം എന്നിവരും ബാലുഭായിയുടെ ഭാര്യ കന്‍വര്‍ ശരവയ്യയും ബുദ്ധമതം സ്വീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഹിന്ദു ദൈവങ്ങളെ മേലില്‍ വിശ്വസിക്കില്ലെന്ന് ഗ്രാമവാസികള്‍ പ്രമേയം പാസാക്കി. ഗുജറാത്ത് നിയമമനുസരിച്ച് ബന്ധപ്പെട്ട കളക്ട്രേറ്റില്‍ മതപരിവര്‍ത്തനം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.

അതേസമയം ഇവര്‍ ബുദ്ധമതം സ്വീകരിച്ചതിനെ ന്യായീകരിച്ച് ബിജെപി എം പി ഉദിത് രാജ് രംഗത്തെത്തി. വളരെ അപകടകരമായ ഈ അവസ്ഥക്ക് ദളിതരോട് കാണിക്കുന്ന അനീതിയാണ് കാരണമെന്ന് ഉദിത് രാജ് വാര്‍ത്ത ഏജന്‍സിയായ എഎന്‍ ഐ ന്യൂസിനോട് പറഞ്ഞു.

മീശ നിര്‍ത്തിയാല്‍ പോലും ദളിതര്‍ അക്രമിക്കപ്പെടുന്ന അവസ്ഥയിലാണ് രാജ്യമെന്നും ഇതിന് എന്താണ് മറുമരുന്നെന്ന് തനിക്ക് അറിയില്ലെന്നും എം പി പറഞ്ഞു. 2016 ജൂലൈ 11നാണ് ഉനയില്‍ പശുവിനെ കൊന്ന് തോലുരിച്ചു എന്നാരോപിച്ച് നാല് ദളിത് യുവാക്കളെ ഗോരക്ഷാ പ്രവര്‍ത്തകര്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്. അര്‍ധനഗ്‌നരാക്കി കാറില്‍ കെട്ടിയിട്ട ശേഷമായിരുന്നു മര്‍ദ്ദനം.