തിളച്ചവെള്ളം ഒഴിച്ചും വീടിനു തീവച്ചും സുബൈദ ബഷീറിനെ കൊലപ്പെടുത്താന്‍ പലതവണ ശ്രമിച്ചിരുന്നു: സുബൈദയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍

single-img
30 April 2018

പരസ്ത്രീ ബന്ധം ആരോപിച്ച് ഭര്‍ത്താവിനെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയും ഭാര്യയുമായ സുബൈദയെ പിടികൂടിയത് ഭര്‍ത്താവു മരിച്ച് ഏഴാം ദിവസം. സുബൈദയുടെ ആസിഡ് ആക്രമണത്തിന് ഇരയായി മലപ്പുറം ഉമ്മത്തൂര്‍ സ്വദേശി ബഷീര്‍(52) മരിച്ചിരുന്നു.

തുടര്‍ന്നു നിരവധി പേരെ ചോദ്യം ചെയ്തതിനു ശേഷമാണു സുബൈദയിലേയ്ക്കു പോലീസ് എത്തിയത്. ഭര്‍ത്താവ് വഴിവിട്ട ജീവിതം നയിച്ചിരുന്നതാണ് കൊലപാതകത്തിന് കാരണമായത്. ഭര്‍ത്താവിനോടു വര്‍ഷങ്ങളായി കടുത്ത വിരോധം ഉണ്ടായിരുന്നു. ഇതിനു മുമ്പു രണ്ടു വട്ടം കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു എന്നു പോലീസ് പറയുന്നു.

അന്വേഷണ കഥ മലപ്പറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ പറയുന്നു.

ആസിഡ് ഒഴിച്ചത് ആരെന്ന ചോദ്യത്തിന് സുബൈദ ഓരോ ഘട്ടത്തിലും പല പേരുകള്‍ പറഞ്ഞു. താമരശ്ശേരിയിലുള്ള മൂന്ന് പേരും മലപ്പുറത്തെ ഒരു പഴ വ്യാപാരിയും അങ്ങനെ സംശയത്തിന്റെ നിഴലിലായി. അവരെ നേരിട്ടെത്തിച്ച് സുബൈദയോട് കാര്യങ്ങള്‍ ആരാഞ്ഞതോടെ ആരോപണങ്ങള്‍ പൊളിഞ്ഞു.

ഓരോ ദിവസവും ‘കഥ’ പലവഴിക്കു പോയി. എല്ലാം അന്വേഷണസംഘം ക്ഷമയോടെ പരിശോധിച്ചു. രാത്രിയും പകലും ആളുകളെ കണ്ടുപിടിക്കാന്‍ പാഞ്ഞു. നീണ്ട ചോദ്യംചെയ്യലില്‍ രക്ഷപ്പെടില്ലെന്ന് ഉറപ്പായി. പറയില്ലെന്നു കരുതിയതെല്ലാം പുറത്തുപറഞ്ഞു. ബഷീറുമായുള്ള അസ്വാരസ്യങ്ങള്‍ സമാധാനപരമായി തീര്‍ക്കാന്‍ സുബൈദ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല.

സംഭവത്തിന്റെ തലേദിവസം മഞ്ചേരിയിലെ കടയില്‍ സുബൈദ നേരിട്ടെത്തിയാണ് ആസിഡ് വാങ്ങിയത്. മുഖത്തും ശരീരത്തിന്റെ മുന്‍ഭാഗത്തും ഒഴിക്കാന്‍ കഴിയുന്ന പാത്രം വീട്ടില്‍ തയാറാക്കി വച്ചു. ഒടുവില്‍, രാത്രി 11ന് കൃത്യം നടപ്പാക്കി. ബഷീറും സുബൈദയും മാത്രമുണ്ടായിരുന്ന വീട്ടില്‍നിന്ന് ബഷീറിനെ ആശുപത്രിയിലെത്തിക്കാന്‍ പുലര്‍ച്ചെ രണ്ടുവരെ കാത്തിരുന്നതെന്തിനെന്ന ചോദ്യത്തിന് പരസ്പരവിരുദ്ധമായ ഉത്തരം ലഭിച്ചതോടെ അന്വേഷണം അടുത്ത ഘട്ടത്തിലേക്കു കടന്നു. കുറ്റകൃത്യത്തിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചത് കണ്ടുപിടിച്ചു.

ബഷീറിനെ മലപ്പുറം വാറങ്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കൊണ്ടുവരുമ്പോഴാണ് സുബൈദ, ഒഴിഞ്ഞ ആസിഡ് കന്നാസ് ആശുപത്രിക്കു മുന്‍പിലെ തോട്ടിലേക്ക് വലിച്ചെറിഞ്ഞത്. ഇത് തെളിവെടുപ്പില്‍ കണ്ടെടുത്തു. കന്നാസ് ഉപേക്ഷിക്കുന്ന സിസിടിവി ദൃശ്യവും ലഭിച്ചു. മഞ്ചേരിയിലെ വ്യാപാരി ആസിഡ് വാങ്ങിയ ‘സ്ത്രീയെ’ തിരിച്ചറിഞ്ഞു. ബഷീറിന്റെയും സുബൈദയുടെയും അവരുമായി ബന്ധമുള്ളവരുടെയും ഫോണ്‍വിളി വിവരങ്ങള്‍ വിശകലനം ചെയ്തു.

ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് സ്ഥാപനത്തിന്റെ ഉടമയായതിനാല്‍ രാഷ്ട്രീയക്കാരുമായി അടുത്ത പരിചയമുണ്ടായിരുന്നു ബഷീറിന്. അവരെല്ലാം ഉടന്‍ അറസ്റ്റ് ആവശ്യപ്പെട്ട് പൊലീസിനെ സമീപിക്കുകയും ചെയ്തു. തെളിവ് ശേഖരിച്ച ശേഷം മതി അറസ്റ്റെന്ന് പൊലീസ് നിലപാടെടുത്തു. സുരക്ഷിതത്വം മുന്‍നിര്‍ത്തി, സംഭവത്തിനു പിന്നാലെ സുബൈദയെ അഭയകേന്ദ്രത്തിലേക്കു മാറ്റിയിരുന്നു.

ഡല്‍ഹി നിര്‍ഭയ സംഭവത്തിനു ശേഷം ഭേദഗതി ചെയ്തു കൂട്ടി ചേര്‍ത്ത 326 എ വകുപ്പു പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ലാത്ത വകുപ്പാണ് ഇത്. സുബൈദ കുറ്റം സമ്മതിച്ചതോടെ കൊലപാതക കേസ് കൂടി എടുത്തു. മൂന്നു മക്കളാണു സുബൈദയ്ക്കും ബഷിറിനും ഉള്ളത്. സംഭവത്തിനു ശേഷം ഇവര്‍ സുബൈദയെ കൈയൊഴിഞ്ഞു.