ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിച്ചെന്ന് പ്രധാനമന്ത്രി; നാസയുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്ത പീയൂഷ് ഗോയലിന് ട്രോളുകളുടെ പെരുമഴ

single-img
30 April 2018

ന്യൂഡല്‍ഹി: സമയപരിധി എത്താന്‍ ദിവസങ്ങള്‍ ശേഷിക്കേ എല്ലാ ഗ്രാമങ്ങളും തന്റെ സര്‍ക്കാര്‍ വൈദ്യുതീകരിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം. മണിപ്പൂരിലെ ലെയ്‌സാങ് ഗ്രാമത്തില്‍ക്കൂടി വൈദ്യുതി എത്തിച്ചതോടെ ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിച്ചെന്നാണു മോദി ഞായറാഴ്ച ട്വീറ്റ് ചെയ്തത്.

വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഒരു ഒറ്റപ്പെട്ട ഗ്രാമം വൈദ്യുതീകരിച്ചതിലൂടെ ഏപ്രില്‍ 28 എന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ഓര്‍മിക്കപ്പെടുമെന്നും ഈ ഗ്രാമമാണ് വൈദ്യുതിയുമായി ഏറ്റവും ഒടുവില്‍ ചേര്‍ക്കപ്പെടുന്ന ഇന്ത്യന്‍ ഗ്രാമമെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.

എന്നാല്‍ ഇക്കാര്യം ട്വിറ്ററില്‍ പങ്കുവെച്ച കേന്ദ്ര മന്ത്രി പീയൂഷ് ഗോയലിന് വന്‍ അബദ്ധമാണ് സംഭവിച്ചത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നിര്‍ണായകമായ നേതൃത്വത്തില്‍ ഇന്ത്യ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിച്ചിരിക്കുന്നു. ഇന്ത്യന്‍ ഗ്രാമീണരുടെ ജീവിതത്തില്‍ നിന്ന് ഇരുട്ടിനെ ഇല്ലാതാക്കി പുതിയ പവര്‍ഫുള്‍ ഇന്ത്യയെ കെട്ടിപ്പെടുക്കാന്‍ നമ്മള്‍ പ്രതിജ്ഞാബദ്ധരാണ് എന്ന കുറിപ്പോടെയാണ് രണ്ട് സാറ്റലൈറ്റ് ചിത്രങ്ങള്‍ ഗോയല്‍ ഷെയര്‍ ചെയ്തത്.

പ്രഖ്യാനത്തില്‍ മുമ്പുള്ളതും ശേഷമുള്ളതും എന്ന രീതിയിലായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ചത്. എന്നാല്‍ അമേരിക്കല്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുറത്തുവിട്ട ചിത്രങ്ങളായിരുന്നു ഗോയല്‍ ട്വീറ്റ് ചെയ്തത്. ആദ്യത്തെ ചിത്രം നാസ 2012ലും രണ്ടാമത്തെത് 2016ലും പുറത്തുവിട്ടതാണ്.

ജനവാസപ്രദേശങ്ങളുടെ ക്രമം വ്യക്തമാക്കുകയായിരുന്നു ചിത്രത്തിന്റെ ഉദ്ദേശം. ഗോയലിന്റെ ട്വിറ്റ് വൈറലാകുകയും മണിക്കൂറുകള്‍ക്കുള്ളില്‍ 2,000ല്‍ അധികം റീട്വീറ്റ് ചെയ്യപ്പെടുകയും ചെയ്തു. എല്ലാ ദ്വീപാവലിക്കും ഷെയര്‍ ചെയ്യുന്ന ചിത്രം എന്നാണ് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്.

സര്‍ക്കാര്‍ രേഖ അനുസരിച്ച് രാജ്യത്തെ 5,97,464 സെന്‍സസ് ഗ്രാമങ്ങളും വൈദ്യുതീകരിച്ചു. 2015ലെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ 2018 ഓടെ ഈ ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കുമെന്ന് മോദി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ അവകാശവാദത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.

യുപിഎയുടെ കാലഘട്ടത്തെ കണക്കും എന്‍ഡിഎയുടെ കണക്കും താരതമ്യം ചെയ്താണ് വക്താവ് രണ്‍ദീപ് സുര്‍ജേവാല മോദി സര്‍ക്കാരിന്റെ അവകാശവാദത്തെ ചോദ്യം ചെയ്തത്. അമിത് ഷാ, നരേന്ദ്ര മോദി, പീയുഷ് ഗോയല്‍ എന്നിവരെ അഭിസംബോധന ചെയ്തുള്ള ട്വീറ്റുകളില്‍ ഇന്ത്യയിലാകെ 6,49,867 ഗ്രാമങ്ങളുണ്ടെന്നും ഇതില്‍ 97% കോണ്‍ഗ്രസ് വൈദ്യുതീകരിച്ചെന്നും പറയുന്നു.

‘2004-14 വരെയുള്ള യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് 1,07,600 ഗ്രാമങ്ങളാണ് കോണ്‍ഗ്രസ് വൈദ്യുതീകരിച്ചത്. 60 വര്‍ഷക്കാലത്തെ വൈദ്യുതീകരണത്തിന്റെ തോത് ഒരു വര്‍ഷം 10,000 ഗ്രാമങ്ങള്‍ വീതം എന്നാണ്. ‘പവര്‍ഫുള്‍ ഇന്ത്യയെ’ ആണ് കോണ്‍ഗ്രസ് നിര്‍മിച്ചത്. എന്നാല്‍ കൊട്ടിഘോഷിച്ചില്ല.

2014 മേയ് 26ന് 18,452 ഗ്രാമങ്ങള്‍ മാത്രമാണ് വൈദ്യുതീകരിക്കാന്‍ ബാക്കിയുണ്ടായിരുന്നത്. 46 മാസം കൊണ്ട് ബിജെപി സര്‍ക്കാര്‍ വര്‍ഷം 4813 ഗ്രാമങ്ങള്‍ എന്ന തോതിലാണ് ഇവ പൂര്‍ത്തികരിച്ചത്. ഇതാണ് ‘കഴിവുകേട് ആഘോഷിക്കപ്പെടുകയും’ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളുടെ ‘മതിപ്പ് വ്യാജമായി’ എറ്റെടുക്കുകയും ചെയ്യുക എന്നത്’, സുര്‍ജേവാല വ്യക്തമാക്കി.