‘മരക്കാര്‍’ തര്‍ക്കം തുടരുന്നതിനിടെ പ്രിയദര്‍ശനെ പിന്തുണച്ച് സന്തോഷ് ശിവന്‍

single-img
30 April 2018

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റെ ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഓഗസ്റ്റ് സിനിമാസ് ബാനറില്‍ മമ്മൂട്ടി ‘കുഞ്ഞാലിമരക്കാര്‍’ എന്ന ടൈറ്റില്‍ റോളിലെത്തുന്ന ചിത്രം സന്തോഷ് ശിവന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി പോസ്റ്റര്‍ ഇറക്കിയത്.

താരരാജാക്കന്മാരുടെ ആരാധകര്‍ കളിയാക്കലും ഒളിയമ്പുകളുമായി കൊമ്പ് കോര്‍ത്ത് മുന്നേറുന്നതിനിടെയാണ് സന്തോഷ് ശിവന്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രത്തില്‍ കടല്‍യുദ്ധത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും, അന്താരാഷ്ട്ര നിലവാരത്തിലുള്ള ചിത്രമാണ് അവര്‍ ലക്ഷ്യമിടുന്നതെന്നും സന്തോഷ് ശിവന്‍ വ്യക്തമാക്കുന്നു.

മമ്മൂട്ടിയെ വെച്ച് താന്‍ ഒരുക്കാന്‍ പോകുന്ന ചിത്രം എന്തായാലും ഈ വര്‍ഷം ഉണ്ടാകില്ല. അത് കൊണ്ടാണ് പ്രിയദര്‍ശന്‍ വിളിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രോജക്ടുമായി മുന്നോട്ട് പോയ്‌ക്കൊള്ളാന്‍ പറഞ്ഞതെന്നും സന്തോഷ് ശിവന്‍ സ്ഥിരീകരിച്ചു. 1996 മുതല്‍ പ്രിയന്‍ മനസില്‍ കൊണ്ടു നടക്കുന്ന പ്രൊജക്ടാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്ന് മാസത്തോളം ഷൂട്ടിംഗും, പിന്നീട് എട്ട് മാസത്തോളം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും ആവശ്യമായിട്ടുള്ള ചിത്രത്തില്‍ ഹോളിവുഡ് താരങ്ങളടക്കമുള്ളവര്‍ അഭിനയിക്കുമെന്നും പ്രിയദര്‍ശന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. അത് കൊണ്ട തന്നെ റിലീസ് തീയതി ഇപ്പോള്‍ പറയാനാകില്ലെന്നും പ്രിയദര്‍ശന്‍ ചിത്രത്തിന്റെ പ്രഖ്യാപനവേളയില്‍ സൂചിപ്പിച്ചു. എന്തായാലും ഒടിയന്‍ മാണിക്യന്‍, ഇത്തിക്കരപക്കി എന്നിവയ്ക്ക് പുറമെ മോഹന്‍ലാലിന്റെ കരുത്തുറ്റ കഥാപാത്രത്തിനായി കാത്തിരിപ്പ് തുടങ്ങിക്കഴിഞ്ഞു സിനിമാലോകം.