പശ്ചിമ ബംഗാളില്‍ 34 ശതമാനം സീറ്റുകളിലും തൃണമൂലിന് എതിരില്ലാതെ വിജയം

single-img
30 April 2018

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മേയ് 14 ന് നടക്കാനിരിക്കുന്ന പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ 34 ശതമാനം സീറ്റുകളിലും എതിരില്ലാതെ വിജയം നേടി തൃണമൂല്‍ കോണ്‍ഗ്രസ്. സംസ്ഥാനത്തെ 58,692 സീറ്റുകളില്‍ 20,000 സീറ്റുകളിലും എതിര്‍ സ്ഥാനാര്‍ഥികളില്ലാതെ തൃണമുല്‍ സ്വന്തമാക്കി.

ശനിയാഴ്ചയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസം. എന്നാല്‍, സമയം അവസാനിച്ചിട്ടും 34 ശതമാനം സീറ്റുകളിലേക്ക് മറ്റ് പാര്‍ട്ടിക്കാര്‍ പത്രിക സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് എതിരില്ലാതെ വിജയിച്ചത്.

പശ്ചിമബംഗാളിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം. 2013ല്‍ പത്ത് ശതമാനം സീറ്റുകളില്‍ തൃണമൂല്‍ എതിരില്ലാതെ വിജയിച്ചിരുന്നു. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് 72,000, ബിജെപി 35,000, ഇടത് പാര്‍ട്ടികള്‍ 22,000, കോണ്‍ഗ്രസ് 10,000 സീറ്റുകളിലേക്കാണ് പത്രിക സമര്‍പ്പിച്ചിട്ടുള്ളത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഭരണകക്ഷി പാര്‍ട്ടി ആക്രമണം അഴിച്ചുവിട്ടതിനാലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിയാതിരുന്നതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നു. പത്രിക സമര്‍പ്പിക്കുന്ന ഓഫീസിന് സമീപം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒമ്പത് സ്ഥാനാര്‍ഥികളുടെ അപേക്ഷ വാട്‌സ്ആപ്പിലൂടെ സ്വീകരിച്ചിരുന്നു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അനുവദിച്ചിരുന്ന ദിവസം പത്രിക സമര്‍പ്പിക്കുന്ന കേന്ദ്രത്തിന് സമീപം ഗുണ്ടകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇതേതുടര്‍ന്ന് മറ്റൊരു ദിവസം പത്രിക സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചെങ്കിലും അന്നും അക്രമ സംഭവങ്ങള്‍ അരങ്ങേറുകയും ബിര്‍ബും എന്ന സ്ഥലത്ത് ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.