ഫ്രഞ്ച് പ്രസിഡന്റും യുഎസ് പ്രസിഡന്റും ചേര്‍ന്ന് വൈറ്റ് ഹൗസില്‍ നട്ടുപിടിപ്പിച്ച വൃക്ഷത്തൈ അപ്രത്യക്ഷമായി

single-img
30 April 2018

കഴിഞ്ഞ ആഴ്ചയാണ് യുഎസ് സന്ദര്‍ശിക്കാനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എത്തിയത്. സന്ദര്‍ശനത്തിന്റെ ഭാഗമായി മാക്രോണും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചേര്‍ന്ന് വൈറ്റ് ഹൗസിന്റെ തോട്ടത്തില്‍ ഒരു വൃക്ഷത്തൈ നട്ടുപിടിപ്പിച്ചിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാകണമെന്ന സങ്കല്‍പ്പത്തിലായിരുന്നു വൃക്ഷത്തൈ നട്ടുപിടിപ്പിച്ചത്. എന്നാല്‍ ഒരാഴ്ചക്ക് ശേഷം ആ വൃക്ഷത്തൈ അവിടെ നിന്ന് അപ്രത്യക്ഷമായെന്നാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒന്നാം ലോക മഹായുദ്ധ കാലത്ത് 2000 അമേരിക്കന്‍ സൈനികര്‍ മരിച്ചുവീണ ഫ്രാന്‍സിലെ ബെല്ല്യൂ കാടുകളില്‍ കണ്ടുവരുന്ന മരത്തിന്റെ തൈ ആണ് വൈറ്റ് ഹൗസിലെ തോട്ടത്തില്‍ ഇരുരാജ്യങ്ങളിലെയും പ്രസിഡന്റുമാര്‍ ചേര്‍ന്ന് നട്ടുപിടിപ്പിച്ചത്.

ഫ്രഞ്ച് പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയ ഒരു ചടങ്ങ് മാത്രമായിരുന്നു മരം നടല്‍ എന്നാണ് യുഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. വൃക്ഷത്തൈ താല്‍ക്കാലിമായി അവിടെ നിന്ന് മാറ്റിയതാണെന്നും പിന്നീട് അവിടെ തന്നെ അത് നട്ടുപിടിപ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.