കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാര്‍ശയില്‍ ഉറച്ചു നില്‍ക്കുമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

single-img
30 April 2018

സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുന്നതിന് ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റീസ് കെ.എം ജോസഫിന്റെ പേര് സുപ്രീം കോടതി കൊളീജിയം വീണ്ടും കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ ചെയ്യുമെന്ന് ജസ്റ്റീസ് കുര്യന്‍ ജോസഫ്. കൊളീജിയം ശുപാര്‍ശ വീണ്ടും സര്‍ക്കാരിന് അയക്കുമെന്നും അത് തിരിച്ചയക്കുന്ന പതിവില്ലെന്നും കൊളീജിയം അംഗം കൂടിയായ ജസ്റ്റീസ് കുര്യന്‍ ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.

ബുധനാഴ്ച കൊളീജിയം ചേരുമെന്നിരിക്കേയാണ് ജസ്റ്റീസ് ജോസഫിന്റെ പേര് വീണ്ടും സര്‍ക്കാരിന് ശുപാര്‍ശ ചെയ്യുമെന്ന സൂചന ജസ്റ്റീസ് കുര്യന്‍ നല്‍കുന്നത്. 2017ലും ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്താന്‍ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് കേന്ദ്ര സര്‍ക്കാര്‍ അക്കാര്യം പരിഗണിച്ചില്ല.

മാത്രമല്ല ഉത്തരാഖണ്ഡില്‍ തണുത്ത കാലാവസ്ഥയില്‍ തുടരാന്‍ അദ്ദേഹത്തിന് ശാരീരികമായ ബുദ്ധിമുട്ടുകളുണ്ട്. അദ്ദേഹം ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ള വ്യക്തിയാണ്. അതിനാല്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം നല്‍കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.

ഇക്കാര്യവും കേന്ദ്രം പരിഗണിച്ചില്ലെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. ജസ്റ്റീസ് കെ.എം ജോസഫിനെയും മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയേയും സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്താനുള്ള ശുപാര്‍ശ കഴിഞ്ഞ വ്യാഴാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ ഭാഗികമായി തിരിച്ചയച്ചത്.

ഇന്ദു മല്‍ഹോത്രയ്ക്കു വേണ്ടിയുള്ള ശുപാര്‍ശ അംഗീകരിച്ച സര്‍ക്കാര്‍ അവരുടെ നിയമനത്തിന് അംഗീകാരം നല്‍കിയിരുന്നു. ഇതുപ്രകാരം ഇന്ദു മല്‍ഹോത്ര വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റിരുന്നു. പ്രദേശിക പ്രാതിനിധ്യവും എസ്.സി, എസ്.ടി പ്രാതിനിധ്യവും ഉറപ്പാക്കാനാണ് ജസ്റ്റീസ് ജോസഫിനു വേണ്ടിയുള്ള ശുപാര്‍ശ അംഗീകരിക്കാത്തത് എന്നാണ് കേന്ദ്രം വ്യക്തമക്കിയത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കൊളീജിയത്തിലെ നാല് ജഡ്ജിമാരും വിയോജിപ്പ് അറിയിച്ചതോടെയാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ബുധനാഴ്ച കൊളീജിയം യോഗം ചേരാന്‍ തീരുമാനിച്ചത്.