ആ വേഷം ചെയ്യാന്‍ രണ്‍ബീറിനേക്കാള്‍ മികച്ചതായി മറ്റൊരാളുണ്ടെന്ന് തോന്നുന്നില്ല; സഹോദരനെ പുകഴ്ത്തി കരീന കപൂര്‍

single-img
30 April 2018

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘സഞ്ജു’. നടന്‍ സഞ്ജയ് ദത്തിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ ടീസറിന് വന്‍വരവേല്‍പ്പാണ് ലഭിച്ചത്. സഞ്ജയ് ദത്തായുള്ള രണ്‍ബീറിന്റെ വേഷപ്പകര്‍ച്ചയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

അക്കൂട്ടത്തില്‍ രണ്‍ബീറിന്റെ കസിനും ബോളിവുഡ് നടിയുമായ കരീന കപൂറുമുണ്ടായിരുന്നു. ”സഞ്ജയ് ദത്തായി അഭിനയിക്കാന്‍ രണ്‍ബീറിനേക്കാള്‍ മികച്ചതായി വേറെ ആരാണുള്ളത്. എനിക്ക് തോന്നുന്നില്ല അവനേക്കാള്‍ നന്നായി മറ്റൊരാള്‍ക്ക് ആ വേഷം ചെയ്യാന്‍ കഴിയുമെന്ന്”, ഡല്‍ഹിയില്‍ മാധ്യമങ്ങളോട് കരീന പറഞ്ഞു.

കരീനയും രണ്‍ബീറും ഒരുമിച്ച് ഇതുവരെ അഭിനയിച്ചിട്ടില്ല. എന്നാല്‍ കരണ്‍ ജോഹറിന്റെ ടോക് ഷോയായ ‘കോഫി വിത്ത് കരണ്‍’ എന്ന പരിപാടിയില്‍ ഇരുവരും പങ്കെടുത്തിരുന്നു. നല്ലൊരു ചിത്രം ലഭിക്കുകയാണെങ്കില്‍ രണ്‍ബീറിനൊപ്പം അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് കരീന പറഞ്ഞിട്ടുണ്ട്.

”രണ്‍ബീറിനൊപ്പം നല്ലൊരു സഹോദരബന്ധത്തെ കുറിച്ച് പറയുന്ന ചിത്രം ചെയ്യാന്‍ ആഗ്രഹമുണ്ട്. എന്റെ സഹോദരിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. എന്റെ സഹോദരനൊപ്പമെങ്കിലും അഭിനയിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു”, കരീന പറഞ്ഞു.