നാരദന്‍ പഴയകാല ഗൂഗിള്‍ ആയിരുന്നുവെന്ന് ഗുജറാത്ത് മുഖ്യമന്ത്രി

single-img
30 April 2018

 

തുടര്‍ച്ചയായുള്ള വിവാദ പ്രസ്താവനകളുടെ പേരില്‍ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാറിനെ പ്രധാനമന്ത്രി ഡല്‍ഹിക്ക് വിളിപ്പിച്ചതിനു പിന്നാലെ ‘പുതിയ വെടിപൊട്ടിച്ച്’ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ഇന്ന് ഗൂഗിളിന് അറിയാവുന്നതു പോലെ നാരദ മഹര്‍ഷിക്ക് അന്നത്തെ ലോകത്തെ കുറിച്ച് മുഴുവന്‍ അറിയാമായിരുന്നുവെന്നാണ് വിജയ് രൂപാണിയുടെ പരാമര്‍ശം.

വിശ്വ സംവാദ് കേന്ദ്ര സംഘടിപ്പിച്ച ദേവര്‍ഷി നാരദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഒരുപാട് അറിവുള്ളയാളായിരുന്നു നാരദ മഹര്‍ഷി. മുഴുവന്‍ ലോകത്തെയും കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. ആ വിവരങ്ങള്‍ അനുസരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്.

മാനവകുലത്തിന്റെ നന്മയ്ക്കു വേണ്ടി വിവരങ്ങള്‍ ശേഖരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ധര്‍മം’ രൂപാണി പറഞ്ഞു. ഗൂഗിള്‍ അറിവുകളുടെ ഉറവിടമാണ് നാരദമഹര്‍ഷിയെ പോലെ. കാരണം ലോകത്തില്‍ സംഭവിക്കുന്ന എല്ലാത്തിനെയും കുറിച്ച് അദ്ദേഹത്തിന് അറിയാമായിരുന്നു- രൂപാണി പറഞ്ഞു.

മസാല വാര്‍ത്തകള്‍ നല്‍കി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കരുതെന്ന് നരേന്ദ്രമോദി ബി.ജെ.പി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിജയ് രൂപാനിയുടെ പ്രസ്താവന. ശനിയാഴ്ച സിവില്‍ എന്‍ജിനീയര്‍മാര്‍ സിവില്‍ സര്‍വീസിനു പോകണമെന്നു ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് പറഞ്ഞത് ഏറെ പരിഹാസം ഏറ്റുവാങ്ങിയിരുന്നു.

മഹാഭാരത യുദ്ധത്തില്‍ ഇന്റര്‍നെറ്റ്, കൃത്രിമോപഗ്രഹം പോലുള്ള കാര്യങ്ങള്‍ ഉപയോഗിച്ചിരുന്നെന്നു ബിപ്ലബ് പറഞ്ഞതിനും ഏറെ വിമര്‍ശനമേറ്റുവാങ്ങേണ്ടി വന്നിരുന്നു. കര്‍ണാടക തിരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍ ബിപ്ലബിന്റെ വിവാദ പ്രസ്താവനകള്‍ക്കെതിരെ പാര്‍ട്ടിയില്‍ നിന്നു തന്നെ പരാതി ഉയര്‍ന്നിട്ടുണ്ടെന്നാണു വിവരം. ഇതേതുടര്‍ന്നാണു ത്രിപുര മുഖ്യമന്ത്രിയെ പ്രധാനമന്ത്രി ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുന്നത്.