വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് എംഎം ഹസ്സന്‍; ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രിയുടെ നടപടി മനുഷ്യത്വരഹിതമെന്ന് ചെന്നിത്തല

single-img
30 April 2018

ന്യൂഡല്‍ഹി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സന്‍. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ റൂറല്‍ എസ്പിക്ക് സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം നിര്‍ദേശം നല്‍കിയതായി ശ്രീജിത്തിന്റെ സഹോദരന്‍ മൊഴി നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രിക്കും സിപിഎം നേതാക്കള്‍ക്കും ശ്രീജിത്തിന്റെ വീട്ടില്‍ പോകാനും മാതാപിതാക്കളെയും ഭാര്യയെയും ആശ്വസിപ്പിക്കാനും കഴിയാത്തത് കുറ്റബോധം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ആലുവ മുന്‍ റൂറല്‍ എസ് പി എവി ജോര്‍ജിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

അതേസമയം ശ്രീജിത്തിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കാത്തത് തെറ്റായ നടപടിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടേത് മനുഷ്യത്വരഹിതമായ നിലപാടാണെന്നും കസ്റ്റഡിയില്‍ മരിച്ചയാളുടെ വീട് പോലീസിന്റെ ചുമതലയുള്ള മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നത് ആ കുടുംബത്തിന് സ്വാഭാവിക നീതി നല്‍കുന്നതിന്റെ ഭാഗമാണെന്നും ചെന്നിത്തല പറഞ്ഞു. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇത്തരം നിലപാടെടുക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.