ദേഷ്യം, സങ്കടം, വെറുപ്പ് അങ്ങനെ വികാരങ്ങള്‍ കൂടിക്കലര്‍ന്ന് ജയേട്ടന്‍ പെട്ടെന്ന് തിരിഞ്ഞ് എന്റെ മുഖത്തടിച്ചു; ഞാന്‍ ഞെട്ടിപ്പോയി: അനുസിതാര

single-img
30 April 2018


യാത്രകള്‍ ഇഷ്ടമാണ് അനു സിത്താരയ്ക്ക്. അത് കൊണ്ട് തന്നെ സിനിമയില്‍ സജീവമായപ്പോള്‍ യാത്രകളുടെ നീളം കൂടി. കുറച്ച് യാത്രകള്‍ കൂടിയതല്ലാതെ സിനിമ വലിയ മാറ്റം വരുത്തിയിട്ടില്ലെന്ന് അനു സിത്താര പറയുന്നു. എറണാകുളത്ത് ഫ്‌ളാറ്റുണ്ടെങ്കിലും അധികം തങ്ങാറില്ല.

നൃത്തപരിപാടികളോ, ഷൂട്ടിംഗോ ഉള്ളപ്പോള്‍ എറണാകുളത്ത് തങ്ങും. അല്ലെങ്കില്‍ കല്‍പറ്റയിലേക്ക് പോകും. ആരെയും മിസ് ചെയ്യാന്‍ സമ്മതിക്കാറില്ലെന്നും താരം വ്യക്തമാക്കുന്നു. രാമന്റെ ഏദന്‍തോട്ടത്തിലെ മാലിനിയെപ്പോലെ ഒരുപാട് സ്ത്രീകളുണ്ടെന്ന് സിനിമ ശ്രദ്ധിക്കപ്പെട്ടതിന് ശേഷമാണ് മനസിലായത്.

ഒരു പാട് മെസേജുകള്‍ ലഭിച്ചു. മാലിനി ഞാനാണ്. എന്റെ ജീവിതവും ഇങ്ങനെയാണെന്നും പലരും പറഞ്ഞു. സംവിധായകനായ രഞ്ജിത്തേട്ടനോട് നന്ദിയുണ്ട്. ജയേട്ടനാണ് എന്നെ സജസ്റ്റ് ചെയ്തതെന്നും മറക്കാന്‍ പറ്റാത്ത കാര്യമാണ്. ക്യാപ്റ്റന്‍ പക്ഷേ ഏറെ ഇമോഷണല്‍ കഥാപാത്രമായിരുന്നു.

സംവിധായകനായ പ്രജേഷ് സെന്‍ ഓരോ സീനും വിശദീകരിക്കുമ്പോള്‍ എനിക്ക് സങ്കടം വരും. ശരിക്കും സംഭവിച്ച കാര്യങ്ങളാണെന്ന് ഓര്‍ക്കുമ്പോള്‍ വല്ലാത്ത ഫീല്‍ ആയിരുന്നു. വി.പി സത്യന്റെ ഭാര്യ അനിതേച്ചിയെ നേരത്തെ കണ്ടിരുന്നു. അവരുടെ മാനറിസമൊക്കെ അറിയാനാണ് പോയത്.

പക്ഷേ അതിനൊന്നും പറ്റിയില്ല. ഒടുവില്‍ എന്തു മാറ്റമാണ് ഞാന്‍ വരുത്തേണ്ടതെന്ന് ചേച്ചിയോട് തന്നെ ചോദിച്ചു. ‘നമ്മള്‍ വയനാടും കോഴിക്കോടുമല്ലേ വല്ല്യ വ്യത്യാസമൊന്നും ഉണ്ടാവില്ല. പിന്നെ ഞാനിവിടെത്തന്നെ ഉണ്ടല്ലോ ‘ ഇതായിരുന്നു. ചേച്ചിയുടെ മറുപടി.

ഞാനും ജയേട്ടനുമുള്ള സീന്‍ എടുക്കുന്ന സമയം. ഏറെ ഇമോഷണലായ രംഗം. ദേഷ്യം, സങ്കടം, വെറുപ്പ് അങ്ങനെ വികാരങ്ങള്‍ കൂടിക്കലര്‍ന്ന് ജയേട്ടന്‍ പെട്ടെന്ന് തിരിഞ്ഞ് എന്റെ മുഖത്തടിച്ചു. ഞാന്‍ ഞെട്ടിപ്പോയി. പക്ഷേ എനിക്ക് തോന്നി, അവരുടെ യഥാര്‍ത്ഥ ജീവിതത്തിലാണെങ്കിലും ആ അടി വീണേനെ. സീന്‍ പൂര്‍ത്തിയായിക്കഴിഞ്ഞ് ജയേട്ടന്‍ ഓടി വന്ന് പറഞ്ഞു ‘സോറി മോളെ അറിയാതെ അടിച്ചു പോയതാണ്’ എന്ന്.