കുവൈത്തിലുള്ള മുഴുവൻ പൗരൻമാരോടും മടങ്ങിയെത്താൻ നിർദ്ദേശം

single-img
29 April 2018

കുവൈത്തും ഫിലിപ്പീന്‍സും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നു. കുവൈത്തിലുള്ള എല്ലാ ഫിലിപ്പിന്‍ സ്വദേശികളും രാജ്യസ്‌നേഹം കണക്കിലെടുത്തു സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്ന് ഫിലിപ്പീന്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെററ്റ് ആവശ്യപ്പെട്ടു. ദക്ഷിണേഷ്യൻ നേതാക്കളുടെ ഉച്ചകോടിക്കായി സിംഗപ്പൂരിലുള്ള അദ്ദേഹം ആറായിരത്തോളം ഫിലിപ്പീൻസുകാരെ അഭിസംബോധന ചെയ്യവെയാണ് കുവൈത്തിലുള്ള 2,60,000 ഫിലിപ്പീൻസുകാരും സ്വദേശത്തേക്ക് തിരിച്ചുവരണമെന്ന് അഭ്യർഥിച്ചത്.

കുവൈത്തിലെ ഫിലിപ്പീന്‍ എംബസിയുടെ നേതൃത്വത്തില്‍ വീട്ടുവേലക്കാരെ രക്ഷപ്പെടുത്തുന്നതിന് നടത്തിയ സമാന്തര രക്ഷാ പ്രവര്‍ത്തനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്ന പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം. ഗാര്‍ഹിക മേഖലയില്‍ പീഢനം അനുഭവിക്കുന്ന തൊഴിലാളികളെ ഫിലിപ്പീന്‍ എംബസി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വീടുകളില്‍ നിന്നും കടത്തി കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണു സംഭവം വിവാദമായത്.

പ്രാദേശിക അറബ് ദിന പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ കുവൈത്തിലെ ഫിലിപ്പീന്‍ സ്ഥാനപതി സംഭവം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണു ഫിലിപ്പീന്‍ എംബസിക്ക് നേരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നത്.

ഫിലിപ്പീന്‍ എംബസി അടച്ചു പൂട്ടണമെന്ന ആവശ്യം ഉന്നയിച്ച് നിരവധി എം.പി മാരും രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തിനു നേരെയുള്ള കടന്നു കയറ്റമായാണു ഒരു സംഘം പാര്‍ലമന്റ് അംഗങ്ങള്‍ സംഭവത്തെ വിശേഷിപ്പിച്ചത്. രാജ്യത്തെ ഫിലിപ്പീന്‍ എംബസി അടച്ചു പൂട്ടി ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നും എം.പി.മാര്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ മുഴുവന്‍ പ്രാദേശിക മാധ്യമങ്ങളും സംഭവത്തെ ശക്തമായി വിമര്‍ശ്ശിക്കുകയും ചെയ്തു. അതിനിടെ രക്ഷാ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയതായി കണ്ടെത്തിയ എംബസി ഉദ്യോഗസ്ഥരെ മുന്ന് ദിവസത്തിനകം രാജ്യത്ത് നിന്നും പുറത്താക്കണമെന്ന് കുവൈത്ത് വിദേശ കാര്യ മന്ത്രാലയം ഫിലിപ്പീന്‍സ് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ഫിലിപ്പീന്‍ സ്ഥാനപതി റിനാറ്റോ പെഡ്രോ വില്ലയെ രണ്ടു തവണ വിളിച്ചു വരുത്തിയ വിദേശകാര്യ മന്ത്രാലയം രാജ്യത്തിന്റെ പ്രതിഷേധം അറിയിക്കുകയും സംഭവത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരെ മുന്നു ദിവസത്തിനകം തിരിച്ചുവിളിക്കണമെന്നും ആവശ്യപ്പെട്ടു. അതിനിടെ സമാന്തര രക്ഷാദൗത്യത്തിലൂടെ വീടുകളില്‍ നിന്നും കടത്തിക്കൊണ്ടു വന്ന മൂന്ന് ഫിലിപ്പീന്‍ വനിതകള്‍ രാജ്യം വിട്ടതായും ആഭ്യന്തരമന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ തന്റെ അഭിമുഖം വളച്ചൊടിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടതാണെന്നാണു സ്ഥാനപതി റിനാറ്റോ പെഡ്രോ വില്ല കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം വിളിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്. കൂടാതെ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ഇക്കാര്യം കുവൈത്ത് അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതിനകംതന്നെ കുവൈത്തിലെ ഫിലിപ്പൈന്‍സ് സ്ഥാനപതിയോട് ഒരാഴ്ചക്കകം രാജ്യം വിടുന്നതിന് കുവൈത്ത് ആവശ്യപ്പെട്ടു. ഫിലിപ്പീന്‍സിലെ കുവൈത്ത് സ്ഥാനപതിയെ മടക്കി വിളിക്കുകയും ചെയ്തു.

ഈ സാഹചര്യത്തില്‍ ഫിലിപ്പീന്‍സ് സ്വദേശികള്‍ കുവൈത്തില്‍ തുടരുന്നത് ശരിയല്ല എന്ന നിഗമനത്തിലാണ് ഫിലിപ്പീന്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെറെട്ട് സ്വദേശികഴളോട് തിരികെ വരാന്‍ ആഹ്വാനം ചെയ്തത്.

ദേശസ്നേഹത്തിന്റെ വെളിച്ചത്തിൽ എല്ലാവരും തിരികെ വരണമെന്നും രാജ്യത്ത് ഒട്ടേറെ തൊഴിലവസരങ്ങൾ ഉണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. ‘മോശപ്പെട്ട വാർത്ത പങ്കുവയ്ക്കാനുണ്ട്’ എന്ന മുഖവുരയോടെയായിരുന്നു പ്രസിഡന്റ് റോഡീഗ്രോ നാട്ടുകാരോടു സംവദിച്ചത്.

കുവൈത്തും ഫിലിപ്പീൻസും തമ്മിലുള്ള ബന്ധം അടുത്തിടെയായി പരീക്ഷണത്തിലാണ്. കുവൈത്തിലേക്ക് തൊഴിൽതേടി പോകുന്നതിന് നിരോധനം പ്രഖ്യാപിച്ചതു തൊട്ട് എല്ലാവരോടും തിരിച്ചുവരാൻ ആവശ്യപ്പെടുന്നുണ്ട്. അതേസമയം കുവൈത്തിൽ കഴിയുന്ന ഫിലിപ്പീൻസുകാരെ പ്രയാസപ്പെടുത്തരുതെന്നും മനുഷ്യർ എന്ന നിലയിലുള്ള പരിഗണന അവർക്കു നൽകണമെന്നും ആവശ്യപ്പെട്ടു കൊണ്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിലുള്ളവരെ തിരിച്ചുകൊണ്ടുവരുന്നതിനായി പണം ശേഖരിക്കും. ചൈനയിൽനിന്ന് അതിനാവശ്യമായ പണം ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്.

മുഴുവൻ ഫിലിപ്പീൻസുകാരെയും രാജ്യത്ത് തിരിച്ചെത്തിച്ച ശേഷമാകും കുവൈത്തുമായുള്ള ചർച്ചയെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിലുള്ള ഫിലിപ്പീൻസുകാർക്ക് ഇക്കാലമത്രയും നൽകിയ സഹായത്തിന് കുവൈത്തിനോട് നന്ദിയുണ്ട്.നല്ല അയൽപക്കവും സൗഹൃദവും എന്നതിലുപരി ഫിലിപ്പീൻസിൽനിന്നുള്ള സഹോദരീ സഹോദരന്മാരെ സ്വീകരിച്ച രാജ്യവുമായുള്ള ബന്ധം തകർക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.