സര്‍ക്കാര്‍ ജോലിക്ക് പിന്നാലെ നടക്കാതെ പശുവിനെ വളര്‍ത്തി ജീവിക്കൂ; വിവാദ പ്രസ്താവനയുമായി ത്രിപുര മുഖ്യമന്ത്രി

single-img
29 April 2018

വിവാദ പ്രസ്താവനയുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് വീണ്ടും രംഗത്ത്. സര്‍ക്കാര്‍ ജോലിക്ക് പിന്നാലെ നടക്കാതെ പശുവിനെ വളര്‍ത്തി ജീവിക്കാന്‍ യുവാക്കളോട് നിര്‍ദേശിച്ചതാണ് പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.

ഒരു വീട്ടില്‍ ഒരു പശുവുണ്ടെങ്കില്‍ പിന്നെയെന്തിനാണ് യുവാക്കള്‍ സര്‍ക്കാര്‍ ജോലിയുടെ പിന്നാലെ ഓടുന്നത്. ഒരു ലിറ്റര്‍ പാല്‍ വില്‍ക്കുന്നതിലൂടെ 50 രൂപ സമ്പാദിക്കാന്‍ കഴിയും. അതുവഴി ബിരുദധാരികള്‍ക്ക് പത്ത് വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം രൂപ സമ്പാദിക്കാന്‍ കഴിയും. പിന്നെയെന്തിനാണ് സര്‍ക്കാര്‍ ജോലിക്കായി രാഷ്ട്രീയക്കാരുടെ പിന്നാലെ പോകുന്നതെന്നുമായിരുന്നു ബിപ്ലബ് കുമാറിന്റെ ചോദ്യം.

വേള്‍ഡ് വെറ്റിനറി ഡേയുടെ ഭാഗമായി ത്രിപുര വെറ്റിനറി കൗണ്‍സിന്റെ നേതൃത്വത്തില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം ചോദിച്ചത്. മഹാഭാരത കാലത്ത് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നു എന്ന പ്രസ്താവനയിലൂടെയും നടിയും മോഡലുമായ ഡയാന ഹൈഡനെ വിമര്‍ശിച്ചതിലൂടെയും സിവില്‍ എന്‍ജിനീയര്‍മാരാണ് സിവില്‍ സര്‍വീസിന് പോകേണ്ടതെന്നുമുള്ള പ്രസ്താവനകളിലൂടെ കഴിഞ്ഞ ദിവസങ്ങളില്‍ ത്രിപുര മുഖ്യമന്ത്രി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.