പൊള്ളയായ വാഗ്ദ്ധാനങ്ങള്‍ നല്‍കി മോദി ജനങ്ങളെ കബളിപ്പിക്കുന്നു;സുപ്രീംകോടതി ജഡ്ജിമാര്‍ക്കുപോലും നീതിതേടി ഇറങ്ങേണ്ട അവസ്ഥ – രാഹുല്‍ഗാന്ധി

single-img
29 April 2018

ന്യൂഡല്‍ഹി: കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പൊള്ളയായ വാഗ്ദ്ധാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുകയാണു.താന്‍ രാജ്യത്തുടനീളം സഞ്ചരിച്ചെന്നും മോദിയുടെ ഭരണത്തിന് കീഴില്‍ ജനങ്ങള്‍ അസംതൃപ്തരാണെന്ന് മനസിലാക്കാനായെന്നും അദ്ദേഹം പറഞ്ഞു.ഡല്‍ഹി രാം ലീല മൈതാനത്ത് നടക്കുന്ന ‘ജന്‍ ആക്രോശ് റാലി’യില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളൊക്കെ ആര്‍എസ്‌എസ് ഏറ്റെടുത്തുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സുപ്രീംകോടതി ജഡ്ജിമാര്‍ പോലും നീതിക്കായി ജനങ്ങള്‍ക്ക് മുന്നിലെത്തേണ്ട അവസ്ഥായണ് രാജ്യത്ത് നിലനില്‍ക്കുന്നത്.

കോണ്‍ഗ്രസ് ഇല്ലാതെ രാജ്യത്തെ കര്‍ഷകര്‍ക്കും മറ്റും അതിജീവിക്കാനാവില്ല. മോദിയുടെ നോട്ട് നിരോധനം രാജ്യത്തെ അസംഘടിത മേഖലയെ പാടെ തകര്‍ത്തു. അഴിമതിക്കെതിരെയുള്ള പോരാട്ടമെന്ന പേരില്‍ ജനങ്ങളെ നിങ്ങള്‍ ക്യൂവില്‍ നിര്‍ത്തി പണം ബാങ്കിലെത്തിച്ചു. പിന്നീടാണ് ജനങ്ങള്‍ തിരിച്ചറിഞ്ഞത് തങ്ങളുടെ പണം നീരവ് മോദിയുടെ പോക്കറ്റിലേക്കാണ് പോയതെന്ന്. അതുംകൊണ്ട് അദ്ദേഹം രാജ്യം വിട്ടു.

രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളൊക്കെ ആക്രമിക്കപ്പെടുകയാണ്. നിരവധി മതങ്ങളും വിശ്വാസങ്ങളും ഒരുമിച്ച്‌ സന്തോഷത്തോടെ കഴിഞ്ഞിരുന്നതാണ് ഇന്ത്യയില്‍. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് നിങ്ങളതെല്ലാം തകിടം മറിച്ചു. മോദിയുടെ പ്രസംഗത്തില്‍ സത്യത്തെ തിരയുകയാണ് ജനങ്ങള്‍. അഴിമതിക്കെതിരെയുള്ള പോരാട്ടമെന്ന് തുടരെ തുടരെ പറയുന്ന മോദി യെദ്യൂരപ്പയ്‌ക്കൊപ്പം സ്റ്റേജിലിരുന്നാണ് ഇത് പറയുന്നതെന്ന് ഓര്‍മ്മ വേണം.

കോണ്‍ഗ്രസിനെ കുറിച്ച്‌ ബി.ജെ.പി തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. എന്നാല്‍,​ സത്യം ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കര്‍ണാടക,​ രാജസ്ഥാന്‍, ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയിക്കും. 2019ല്‍ കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്നും രാഹുല്‍ പറഞ്ഞു. ​

കഴിഞ്ഞ 70 വര്‍ഷം കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് സ്‌നേഹം നല്‍കി രാജ്യകെട്ടിപ്പടുത്തപ്പോള്‍ നിങ്ങള്‍ നാല് വര്‍ഷം കൊണ്ട് രാജ്യത്തെ സമ്പദ്ഘടന തകര്‍ത്ത് ജനങ്ങള്‍ക്കിടയില്‍ വിദ്വോഷം പടര്‍ത്തിയെന്നും രാഹുല്‍ പറഞ്ഞു.

രാഹുലിനെ കൂടാതെ മന്‍മോഹന്‍സിങും സോണിയാഗാന്ധിയും ജന്‍ ആക്രോശ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.ഡല്‍ഹിയിലെ രാം ലീല മൈതാനത്ത് തുടരുന്ന ‘ജന്‍ ആക്രോശ് റാലി’ രാഹുല്‍ ഗാന്ധി പാര്‍ട്ടി അദ്ധ്യക്ഷനായ ശേഷം ദേശീയ തലത്തില്‍ നടത്തുന്ന ആദ്യ റാലിയാണ്. റാലിക്കായി രാം ലീല മൈതാനത്ത് വന്‍ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്.രണ്ട് ലക്ഷത്തിലധികം പ്രവര്‍ത്തകരാണ് ഡല്‍ഹി രാംലീല മൈതാനത്ത് നടന്ന ചടങ്ങില്‍ പങ്കെടുത്തത്. https://www.youtube.com/watch?v=RUGF1QUjsrM