‘ മഹാരാജാവിന്റെ കൊടിവച്ച കാര്‍ വരാപ്പുഴ പാലം കടന്നാണ് പറവൂര്‍ക്കു പോയത്’; ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമർശനവുമായി ജയശങ്കർ

single-img
29 April 2018

കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകത്തിലെ ഇരയുടെ വീട് മുഖ്യമന്ത്രി സന്ദർശിക്കാത്തതിൽ രൂക്ഷമായ പ്രതികരണവുമായി അഡ്വ. ജയശങ്കർ.ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയിട്ടും വരാപ്പുഴ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. ബോള്‍ഗാട്ടിയില്‍ നിന്നും കാറില്‍ അരമണിക്കൂര്‍ യാത്ര ചെയ്താല്‍ ശ്രീജിത്തിന്റെ വീട്ടില്‍ എത്താമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാജാവിന്റെ കൊടിവച്ച കാര്‍ വരാപ്പുഴ പാലം കടന്നാണ് പറവൂര്‍ക്കു പോയത്. പക്ഷേ ദേവസ്വം പാടത്തേക്ക് തിരിഞ്ഞു നോക്കിയില്ല. ശ്രീജിത്തിന്റെ വീട്ടില്‍ പോകുന്നുണ്ടോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കനത്ത മൗനമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി എന്നും ജയശങ്കര്‍ പറഞ്ഞു.

ശ്രീജിത്തിന്റെ മരണം കസ്റ്റഡികൊലപാതകമെന്ന് തെളിഞ്ഞശേഷവും നയാപൈസ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, കോൺഗ്രസ് രാഷ്ട്രീയ മുതലെടുപ്പു നടത്തുന്നു എന്ന് ഒന്നരച്ചങ്കനായ സിപിഎം ജില്ലാ സെക്രട്ടറി ആരോപിക്കുന്നുമുണ്ട്.സച്ചിദാനന്ദൻ മുതലിങ്ങാട്ടുളള സാംസ്കാരിക നായകളും മഹാനിദ്രയിലാണ്. പാർട്ടി ഓഫീസിൽ നിന്ന് അറിയിപ്പു കിട്ടിയാലുടൻ കുരയ്ക്കാനും കടിക്കാനും തുടങ്ങും. അതുവരെ വിശ്രമം. എന്നിങ്ങനെയാണ് ജയശങ്കറിന്റെ ആരോപണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ബോൾഗാട്ടിയിൽ ലോകമഹാമുതലാളി എംഎ യൂസഫലി കോടികൾ മുടക്കി പണിതുയർത്തിയ ലുലു കൺവെൻഷൻ സെന്ററിൻ്റെയും ഹയാത് ഹോട്ടലിൻ്റെയും ഉദ്ഘാടനം ബഹു കേരള മഹാരാജാവ് പിണറായി വിജയൻ തിരുമനസ്സുകൊണ്ട്‌ നിർവഹിച്ചു. അലി മുതലാളി മാന്യനാണ്, ഭൂമിയുടെ ഉപ്പാണ് എന്നൊക്കെ തട്ടിമൂളിച്ചു.

ബോൾഗാട്ടിയിൽ നിന്ന് കാറിൽ അരമണിക്കൂർ യാത്ര ചെയ്താൽ വരാപ്പുഴ ദേവസ്വംപാടത്ത് എത്താം. ജനകീയ പോലീസിന്റെ സ്നേഹ പരിലാളനമേറ്റു കാലഗതി പ്രാപിച്ച ശ്രീജിത്തിൻ്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാം.

മഹാരാജാവിന്റെ കൊടിവച്ച കാർ വരാപ്പുഴ പാലം കടന്നാണ് പറവൂർക്കു പോയത്. പക്ഷേ ദേവസ്വം പാടത്തേക്ക് തിരിഞ്ഞു നോക്കിയില്ല. ശ്രീജിത്തിൻ്റെ വീട്ടിൽ പോകുന്നുണ്ടോ എന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ കനത്ത മൗനമായിരുന്നു മറുപടി.

മഹാരാജാവ് മാത്രമല്ല നാല് സിപിഐക്കാർ അടക്കം മന്ത്രി പുംഗവന്മാരും ദേവസ്വം പാടത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. ശ്രീജിത്തിൻ്റെ മരണം കസ്റ്റഡികൊലപാതകമെന്ന് തെളിഞ്ഞശേഷവും നയാപൈസ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, കോൺഗ്രസ് രാഷ്ട്രീയ മുതലെടുപ്പു നടത്തുന്നു എന്ന് ഒന്നരച്ചങ്കനായ സിപിഎം ജില്ലാ സെക്രട്ടറി ആരോപിക്കുന്നുമുണ്ട്.

സച്ചിദാനന്ദൻ മുതലിങ്ങാട്ടുളള സാംസ്കാരിക നായകളും മഹാനിദ്രയിലാണ്. പാർട്ടി ഓഫീസിൽ നിന്ന് അറിയിപ്പു കിട്ടിയാലുടൻ കുരയ്ക്കാനും കടിക്കാനും തുടങ്ങും. അതുവരെ വിശ്രമം.