മോദി സര്‍ക്കാറിനെതിരെ മഹാറാലിയുമായി കോണ്‍ഗ്രസ്;’ജന്‍ ആക്രോശിന്’ ഇന്നു തുടക്കം

single-img
29 April 2018


ന്യൂഡല്‍ഹി: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പു മുന്‍ നിര്‍ത്തി മഹാറാലിയുമായി കോണ്‍ഗ്രസ് പടയൊരുക്കം. ഒരു വര്‍ഷം നിലനില്‍ക്കെ പ്രചരണത്തിനു തുടക്കം കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മഹാറാലി ‘ജന്‍ ആക്രോശിന്’ ഇന്നു ഡല്‍ഹിയില്‍ തുടക്കമാകും. രാംലീല മൈതാനത്ത് നടക്കുന്ന റാലി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ വാഗ്ദാന ലംഘനങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന റാലിയില്‍ അരലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണു കണക്കുകൂട്ടല്‍.

ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍, തൊഴിലില്ലായ്മ, ദളിത്-ആദിവാസി-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍, ബാങ്ക് തട്ടിപ്പുകള്‍ എന്നിവയാണ് ഈ ഭരണത്തിന്‍ കീഴില്‍ വ്യാപകമായി നടക്കുന്നതെന്നാരോപിച്ചാണ് റാലി. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം സംഘടിപ്പിക്കുന്ന ആദ്യ മഹാറാലിയാണ് രാംലീലയില്‍ നടക്കുന്നത്.മുന്‍കേന്ദ്രമന്ത്രിമാരും എംപിമാരും മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും റാലിയില്‍ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ കേരളത്തില്‍നിന്നെത്തും.