ശുചിമുറിയില്ലാത്തവര്‍ക്ക് അരിയില്ല: വിവാദ ഉത്തരവ് കിരണ്‍ ബേദി പിന്‍വലിച്ചു

single-img
29 April 2018

പുതുച്ചേരി: ശുചിമുറി സൗകര്യമില്ലാത്ത വീടുകളില്‍ സൗജന്യ റേഷന്‍ അരി നല്‍കരുതെന്ന ഉത്തരവ് പുതുച്ചേരി ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി മരവിപ്പിച്ചു. പ്രതിപക്ഷമുള്‍പെടെയുള്ളവരുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചത്. ഉത്തരവ് ഏകാധിപത്യപരമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

മേയ് 31ന് അകം എല്ലാ വീടുകളിലും ശുചിമുറി സൗകര്യം ഒരുക്കുകയും ഗ്രാമങ്ങളില്‍ ശുചീകരണ പ്രവൃത്തി നടത്തുകയും ചെയ്തില്ലെങ്കില്‍ സൗജന്യ അരി വിതരണം നിര്‍ത്തുമെന്നായിരുന്നു കിരണ്‍ ബേദിയുടെ പ്രഖ്യാപനം. എംഎല്‍എ, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേരിട്ടെത്തി സാക്ഷ്യപ്പെടുത്തിയ ശേഷം മാത്രമേ പിന്നീട് ആനൂകൂല്യങ്ങള്‍ പുനഃസ്ഥാപിക്കൂ എന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

അതിനിടെ, വിശദീകരണവുമായി കിരണ്‍ ബേദി രംഗത്തെത്തി. ജൂണ്‍ അവസാനത്തോടെ പൊതുസ്ഥലത്തെ മലമൂത്ര വിസര്‍ജ്ജനത്തില്‍നിന്ന് പുതുച്ചേരിയെ മുക്തമാക്കണമെന്ന് മാത്രമാണ് ഈ നിര്‍ദ്ദേശത്തിലൂടെ ഉദ്ദേശിച്ചതെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍, ഉത്തരവ് തെറ്റായാണ് വ്യാഖ്യാനിച്ചത്. അതുകൊണ്ടുതന്നെ മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാനും പരിസരം ശുചിയാക്കാനും ജനങ്ങള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുകയാണ്. നേരത്തെ പറഞ്ഞ കാര്യങ്ങളെല്ലാം അതുവരെ മരവിപ്പിക്കുന്നു – ബേദി വ്യക്തമാക്കി.