ഭാവിയില്‍ മിടുക്കന്‍മാരാകണോ;എങ്കില്‍ സുമോ ഗുസ്തിക്കാരുടെ കൈയിലിരുന്ന് കരയണം; ജപ്പാനിലെ വ്യത്യസ്തമായ ആചാരം (വീഡിയോ)

single-img
29 April 2018

കുഞ്ഞുങ്ങളുടെ കരച്ചില്‍ നിര്‍ത്താന്‍ പാടുപെടുന്നത് പൊതുവെ കാണാറുള്ള ഒരു കാഴ്ചയാണ്. എന്നാല്‍ വെറുതെയിരിക്കുന്ന കുഞ്ഞുങ്ങളെ കരയിപ്പിച്ച് മത്സരിക്കുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ജപ്പാനിലെ ടോക്കിയോയിലെ സെന്‍സോജി ക്ഷേത്രത്തിലേക്ക് പോയാല്‍ മതി. അവിടെയുണ്ട് അത്തരമൊരു ആചാരം. കുഞ്ഞുങ്ങളെ കരയിപ്പിക്കുന്നതാകട്ടെ സുമോ ഗുസ്തിക്കാരും.

ഒരുവയസിനു താഴെയുള്ള 160ഓളം കുട്ടികളാണ് ഈ ആചാരത്തില്‍ പങ്കെടുക്കാന്‍ എത്താറുള്ളത്. 400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചതാണ് ‘ക്രൈയിംഗ് സുമോ’ എന്ന ഈ ആചാരം.ഗുസ്തിക്കാര്‍ കരയിപ്പിക്കുന്നതോടെ കുട്ടികള്‍ ഭാവിയില്‍ ശക്തന്‍മാരായിത്തീരുമെന്നും അവരിലെ തിന്മ വിട്ടകലുമെന്നുമാണ് ജപ്പാന്‍കാരുടെ വിശ്വാസം. കുട്ടികളെ മുകളിലേക്ക് ഉയര്‍ത്തിയും താഴ്ത്തിയും കരയിപ്പിക്കലാണ് മത്സരത്തില്‍ ഗുസ്തിക്കാര്‍ ചെയ്യുന്നത്. കുട്ടികള്‍ കരയുന്നത് മാതാപിതാക്കള്‍ ചിരിച്ചുകൊണ്ട് കണ്ടുനില്‍ക്കുകയും ചിത്രങ്ങളും വീഡിയോകളും എടുക്കുകയും ചെയ്യും.

കുട്ടികളുടെ ഈ കരച്ചില്‍ അവരുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും നല്ലതാണെന്നാണ് വിശ്വാസം. മാത്രമല്ല ഇതു ദൈവം കേള്‍ക്കുകയും ചെയ്യുമത്രേ. ജപ്പാനില്‍ പല ക്ഷേത്രങ്ങളിലും ഈ ആചാരം അനുഷ്ഠിച്ചുപോരുന്നുണ്ട്. നറുക്കെടുപ്പിലൂടെയാണ് കുഞ്ഞുങ്ങളെ തെരഞ്ഞെടുക്കുന്നത്.