ഉത്തരകൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രം അടച്ചുപൂട്ടും;നടപടികള്‍ വീക്ഷിക്കാന്‍ അമേരിയ്കക്ക് ക്ഷണം

single-img
29 April 2018

ഉത്തരകൊറിയ അണുപരീക്ഷണകേന്ദ്രം അടുത്തമാസം അടച്ചുപൂട്ടും. നടപടികള്‍ വീക്ഷിക്കാന്‍ വിദഗ്ധരെയും മാധ്യമപ്രവര്‍ത്തകരെയും അനുവദിക്കും. ദക്ഷിണകൊറിയയ്ക്കും യുഎസിനും ഇത് വീക്ഷിക്കാന്‍ ക്ഷണമുണ്ടാകും. ദക്ഷിണകൊറിയന്‍ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചതാണ് ഇക്കാര്യം.

കിം ജോങ് ഉന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള ചര്‍ച്ച അടുത്തമാസം അവസാനം നടക്കാനിരിക്കേയാണ് ഉത്തരകൊറിയ നിര്‍ണായകനടപടി പ്രഖ്യാപിച്ചത്. കൊറിയന്‍ ഉപദ്വീപില്‍ സമ്പൂര്‍ണ ആണവനിരായുധീകരണം നടപ്പാക്കുമെന്ന് കൊറിയന്‍ സമാധാന ഉച്ചകോടിയില്‍ ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചിരുന്നു. താന്‍ അമേരിക്കയ്ക്കുനേരെ മിസൈല്‍ തൊടുക്കാന്‍ വെമ്പുന്ന ആളല്ലെന്നും ഇക്കാര്യം ചര്‍ച്ചയില്‍ ഡോണള്‍ഡ് ട്രംപിന് മനസിലാകുമെന്നും കിം ജോങ് ഉന്‍ പറഞ്ഞു.

അതേസമയം യുഎസും ഉത്തരകൊറിയയും തമ്മിലുള്ള ചര്‍ച്ച മൂന്നോ നാലോ ആഴ്ചക്കുള്ളില്‍ ചിലപ്പോള്‍ നടന്നേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. മിഷിഗണില്‍ ഒരു റാലിയില്‍ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.