ദേശീയപാതയില്‍ വന്‍കൊള്ള: ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന നവവധുവിനെ വെടിവെച്ച് കൊന്ന് പണവും ആഭരണങ്ങളും കവര്‍ന്നു

single-img
28 April 2018

യു.പിയില്‍ ദേശീയപാത 58ല്‍ കാര്‍ തടഞ്ഞ് മോഷണം. മോഷ്ടാക്കളുടെ വെടിയേറ്റ് നവവധു മരിച്ചു. മാതുര്‍ ഗ്രാമത്തിനടുത്ത് വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. വിവാഹസംഘം സഞ്ചരിച്ച വാഹനം തടഞ്ഞ് നിര്‍ത്തിയാണ് കൊള്ള നടത്തിയത്.

യു.പിയിലുടെ കടന്നുപോകുന്ന ദേശീയപാതകളിലെ രാത്രി യാത്ര സുരക്ഷിതമല്ലെന്ന് തെളിയിക്കുന്നതാണ് സംഭവം. മുസാഫര്‍നഗര്‍ സ്വദേശിയായ ഷജീബും വധു ഫര്‍ഹാനും കുടുംബാംഗങ്ങളുമാണ് കാറിലുണ്ടായിരുന്നത്. പാര്‍ഥാപുരില്‍ നിന്ന് ഭക്ഷണം കഴിച്ച് യാത്ര തുടര്‍ന്ന ഇവരെ ഒരു സംഘം കാറില്‍ പിന്തുടരുകയായിരുന്നു.

മാതുര്‍ ഗ്രാമത്തിന് സമീപത്ത് വെച്ച് ഇവരെ തടയുകയും ആഭരണങ്ങളും പണവും നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍, ഇതിന് വിസമ്മതിച്ച ഫര്‍ഹാനെ സംഘാംഗങ്ങളിലൊരാള്‍ വെടിവെക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫര്‍ഹാനയെ വലിച്ച് താഴെയിറക്കുകയും കാറുമായി അക്രമികള്‍ കടന്നു കളയുകയും ചെയ്തു.

ഷജീബിന്റെ കുടുംബാംഗങ്ങള്‍ ഉടന്‍ തന്നെ ഫര്‍ഹാനെ 29 കിലോ മീറ്റര്‍ അകലെയുള്ള മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മോഷ്ടാക്കാളെ തിരിച്ചറിയാനായി യു.പിയിലെ ടോള്‍ ബൂത്തുകളുടെയും പെട്രോള്‍ പമ്പുകളിലേയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.