സുപ്രീംകോടതി കൊളീജിയം ബുധനാഴ്ച; കെഎം ജോസഫിന്റെ നിയമന ശുപാര്‍ശ മടക്കിയ നടപടി ചര്‍ച്ച ചെയ്യും

single-img
28 April 2018

ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റീസും മലയാളിയുമായ കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കി ഉയര്‍ത്താനുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ മടക്കിയയച്ചത് ചര്‍ച്ച ചെയ്യാന്‍ കൊളീജിയം യോഗം ബുധനാഴ്ച ചേരും. കൊളീജിയം യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കാന്‍ മുതിര്‍ന്ന ജഡ്ജിമാര്‍ ആവശ്യപ്പെട്ടിരുന്നു.

മതിയായ കാരണങ്ങളില്ലാതെ ശുപാര്‍ശ തിരിച്ചയച്ചത് ജുഡീഷറിയുടെ അധികാരത്തില്‍ കൈകടത്തുന്ന നടപടിയാണെന്നും ജഡ്ജിമാര്‍ വിലയിരുത്തുന്നു. കൊളീജിയം വീണ്ടും ജസ്റ്റീസ് ജോസഫിന്റെ പേര് ശുപാര്‍ശ ചെയ്താല്‍ അതു സര്‍ക്കാര്‍ അംഗീകരിച്ചേ മതിയാകൂ.

ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ജെ.ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി.ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് കൊളീജിയം അംഗങ്ങള്‍. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെയും, സീനിയര്‍ അഭിഭാഷക ഇന്ദു മല്‍ഹോത്രയെയും സുപ്രീം കോടതി ജഡ്ജിമാര്‍ ആക്കാന്‍ ജനുവരി 10 ന് ചേര്‍ന്ന കൊളീജിയമാണ് കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. എന്നാല്‍ കൊളീജിയം ശുപാര്‍ശ ചെയ്ത ഇന്ദു മല്‍ഹോത്രയെ ജഡ്ജി ആയി നിയമിക്കുകയും, ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമന ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ മടക്കുകയും ആണ് ചെയ്തത്.

ജസ്റ്റിസ് കെ എം ജോസഫിന്റെ ശുപാര്‍ശ പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് സുപ്രിം കാടതിക്ക് അയച്ച കത്തില്‍ രണ്ട് പ്രധാനപ്പെട്ട കാരണങ്ങളാണ് ചൂണ്ടികാണിച്ചിരുന്നത്. അഖിലിന്ത്യ ജഡ്ജസ് സീനിയോറിറ്റി പട്ടികയില്‍ ജസ്റ്റിസ് കെഎം ജോസഫിന്റെ സ്ഥാനം 42 ആണെന്നും, അദ്ദേഹത്തേക്കാള്‍ സീനിയറായ 12 ഹൈക്കോടതി ചീഫ് ജസ്റ്റിസ് മാര്‍ നിലവില്‍ ഉണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കേരളത്തില്‍ നിന്ന് നിലവില്‍ ഒരു സുപ്രീം കോടതി ജഡ്ജിയും, മൂന്ന് ഹൈകോടതി ചീഫ് ജസ്റ്റിസ്മാരുണ്ടെന്നും, ഈ സാഹചര്യത്തില്‍ ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രിംകോടതിയിലേക്ക് ഉയര്‍ത്തിയാല്‍ അത് മേഖല പ്രാതിനിധ്യം സംബന്ധിച്ച കീഴ്‌വഴക്കങ്ങളുടെ ലംഘനമാകും എന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദം.

കേന്ദ്ര സര്‍ക്കാരിന്റെ കത്ത് വ്യാഴാഴ്ചയാണ് ആണ് ചീഫ് ജസ്റ്റിസിന് കിട്ടിയത്. കേന്ദ്ര സര്‍ക്കാരിന്റെ കത്തിന് അടിയന്തിരമായി കൊളീജിയം ചേര്‍ന്ന് മറുപടി നല്‍കണം എന്ന് വിവിധ ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്നലെ കൊളീജിയത്തിലെ അംഗം ആയ ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ അവധി ആയിരുന്നു.

കൊളീജിയത്തിലെ മറ്റൊരു അംഗം ആയ ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇന്നലെ വൈകിട്ട് കേരളത്തിലേക്ക് പോയി. ഇനി തിങ്കളാഴ്ച വൈകിട്ട് മാത്രമേ അദ്ദേഹം ഡല്‍ഹിയില്‍ തിരിച്ച് എത്തുകയുള്ളൂ. ഈ സാഹചര്യത്തില്‍ ആണ് എല്ലാവരുടെയും സൗകര്യം കണക്കില്‍ എടുത്ത് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ബുധനാഴ്ച വൈകിട്ട് കൊളീജിയം ചേരാന്‍ തീരുമാനിച്ചത്.

ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീം കോടതി ജഡ്ജി ആയി ഉയര്‍ത്തണം എന്ന ശുപാര്‍ശ വീണ്ടും കേന്ദ്ര സര്‍ക്കാരിന് അയക്കാന്‍ കൊളീജിയം തീരുമാനിച്ചേക്കും. നിയമന ശുപാര്‍ശ മടക്കി കേന്ദ്ര നിയമമന്ത്രി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് അയച്ച കത്തിന് വിശദമായ മറുപടി കൊളീജിയം നല്‍കിയേക്കും. കൊളീജിയം വീണ്ടും ശുപാര്‍ശ നല്‍കിയാല്‍ കേന്ദ്ര സര്‍ക്കാരിന് ആ ശുപാര്‍ശ അംഗീകരിക്കേണ്ടി വരും. അല്ലെങ്കില്‍ ജുഡീഷ്യറിയും സര്‍ക്കാരും തമ്മില്‍ ഉള്ള മറ്റൊരു നിയമപോരാട്ടത്തിന് വഴിവച്ചേക്കും.