ശശീന്ദ്രന്‍ വിഭാഗത്തെ ഒതുക്കി; എന്‍.സി.പി സംസ്ഥാന പ്രസിഡന്റായി പാര്‍ട്ടിയില്‍ കരുത്താര്‍ജിച്ച് തോമസ് ചാണ്ടി

single-img
28 April 2018

കൊച്ചി: എന്‍സിപിയുടെ സംസ്ഥാന പ്രസിഡന്റായി മുന്‍ഗതാഗതമന്ത്രിയും എംഎല്‍എയുമായ തോമസ് ചാണ്ടിയെ തിരഞ്ഞെടുത്തു. കൊച്ചിയില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന ജനറല്‍ ബോഡിയാണ് വിഷയത്തില്‍ തീരുമാനമെടുത്തത്. പികെ രാജനാണ് വൈസ് പ്രസിഡന്റ്.

ശശീന്ദ്രന്‍ വിഭാഗത്തില്‍നിന്നുള്ള നേതാവാണ് രാജന്‍. നിലവില്‍ പീതാംബരന്‍ മാസ്റ്ററാണ് എന്‍സിപി പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത്. സംസ്ഥാന പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് വലിയ തര്‍ക്കമായിരുന്നു പാര്‍ട്ടിയില്‍ നിലനിന്നിരുന്നത്.

എകെ ശശീന്ദ്രന്‍ വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് തോമസ് ചാണ്ടി അധ്യക്ഷ പദവിയില്‍ എത്തിയിരിക്കുന്നത്. കായല്‍കൈയേറ്റ ആരോപണത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം നഷ്ടമായി നില്‍ക്കുന്ന തോമസ് ചാണ്ടിക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ് പുതിയ സ്ഥാനാരോഹണം.

തോമസ് ചാണ്ടിയെ അധ്യക്ഷനാക്കിയാല്‍ പാര്‍ട്ടി വിടുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കേണ്ടി വരുമെന്ന് ശശീന്ദ്രന്‍ വിഭാഗത്തിലെ ചില മുതിര്‍ന്ന നേതാക്കള്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ സമ്മര്‍ദ്ദങ്ങളൊന്നും കേന്ദ്രനേതൃത്വം കാര്യമാക്കിയില്ല.

തെരഞ്ഞെടുപ്പിലൂടെ അധ്യക്ഷനെ കണ്ടെത്തണമെന്ന നിലപാടായിരുന്നു ശശീന്ദ്രന്‍ വിഭാഗം സ്വീകരിച്ചത്. ജില്ലാക്കമ്മറ്റികളിലും മറ്റും തങ്ങള്‍ക്കുള്ള വ്യക്തമായ ഭൂരിപക്ഷത്തിലൂടെ അധ്യക്ഷസ്ഥാനത്തേക്ക് വിജയിക്കാനാകുമെന്ന് കണ്ടുകൊണ്ടായിരുന്നു ഈ നീക്കം.

അപകടം മനസിലാക്കിയ തോമസ് ചാണ്ടി കേന്ദ്രനേതൃത്വത്തെ ചെന്നുകണ്ട് ഈ നീക്കത്തിന് തടയിടുകയായിരുന്നു. തെരഞ്ഞെടുപ്പിലൂടെ പാര്‍ട്ടിയെ പൂര്‍ണമായും കൈപ്പിടിയിലാക്കാനുള്ള എകെ ശശീന്ദ്രന്റെ നീക്കത്തിനാണ് ഇതിലൂടെ തിരിച്ചടി നേരിട്ടത്.

കഴിഞ്ഞയാഴ്ച മുംബൈയില്‍ ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തോമസ് ചാണ്ടിയെ അധ്യക്ഷനാക്കാന്‍ ധാരണയായത്. പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാരില്‍ ഒരാള്‍ മന്ത്രിയായതിനാല്‍ മറ്റേയാള്‍ക്ക് അധ്യക്ഷ പദവി നല്‍കണമെന്ന ന്യായമാണ് ദേശീയനേതൃത്വം ഉന്നയിച്ചത്. എതിര്‍പ്പുണ്ടെങ്കില്‍ മന്ത്രിസ്ഥാനം രാജിവച്ച് അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ ശശീന്ദ്രനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.