കത്വവ പെണ്‍കുട്ടിയെ കൊന്നത് മകനെ രക്ഷിക്കാനെന്ന് സാഞ്ജിറാമിന്റെ കുറ്റസമ്മതം

single-img
28 April 2018

കത്വവയിലെ ആ എട്ട് വയസ്സുകാരി പെണ്‍കുട്ടിയെ കൊലചെയ്യാന്‍ പദ്ധതിയിട്ടത് പ്രധാനപ്രതി സഞ്ജി റാമെന്ന് അന്വേഷണ സംഘം. മകന് ലൈംഗിക പീഡനത്തില്‍ പങ്കുള്ളതിനാലാണ് പെണ്‍കുട്ടിയെ കൊലചെയ്യാന്‍ തീരുമാനിച്ചതെന്നും സഞ്ജി റാം പറഞ്ഞതായി അന്വേഷണ സംഘം പറയുന്നു.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന് നാലുദിവസത്തിനുശേഷമാണ് സഞ്ജി റാം ഇക്കാര്യം അറിഞ്ഞതെന്നാണ് അന്വേഷണ സംഘത്തോട് പറഞ്ഞത്. മകനെ രക്ഷിക്കാന്‍ വേണ്ടിയാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും ഇയാള്‍ പറയുന്നു. പ്രായപൂര്‍ത്തിയാവാത്ത മരുമകന്‍ പറഞ്ഞപ്പോഴാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന് ലൈംഗികായി പീഡിപ്പിച്ച കാര്യം താന്‍ അറിഞ്ഞതെന്നാണ് സഞ്ജി റാം പറയുന്നത്.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ഒളിപ്പിക്കാന്‍ മാത്രമായിരുന്നു പദ്ധതി. എന്നാല്‍ തട്ടിക്കൊണ്ട് വരുന്ന സമയത്ത് കാട്ടില്‍വെച്ച് തന്നെ കുട്ടിയെ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി ബലാത്സംഗം ചെയ്തുവെന്ന് താന്‍ അറിഞ്ഞത് ദിവസങ്ങള്‍ക്ക് ശേഷമാണെന്ന് സാഞ്ജിറാം പോലീസിനോട് പറഞ്ഞു.

താന്‍ കേസില്‍ പെടുമെന്നറിഞ്ഞ സമയത്താണ് മകന്‍ വിശാലും തന്നോടൊപ്പം ക്ഷേത്രത്തിനകത്ത് വെച്ച് കൂട്ടിയെ ബലാല്‍സംഗം ചെയ്തതായി പ്രതി പറഞ്ഞത്. സാഞ്ജിറാമിന്റെ സഹോദരീ പുത്രന്‍ കൂടിയാണ് പ്രായപൂര്‍ത്തിയാകാത്ത പ്രതി. ഇതോടെ കുട്ടിയെ കൊലപ്പെടുത്താനും തെളിവ് നശിപ്പിക്കാനും തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ സാഞ്ജിറാം പറഞ്ഞു.

ജനുവരി 14ന് കുട്ടിയെ കൊലപ്പെടുത്തി ഹിരാനഗര്‍ കനാലില്‍ ഒഴുക്കിക്കളയാനായിരുന്നു പദ്ധതി. എന്നാല്‍ അന്ന് പ്രതികള്‍ക്ക് പ്രതീക്ഷിച്ച രീതിയില്‍ വാഹനം ലഭിച്ചില്ല. കുട്ടിയെ കൊണ്ടുപോവാന്‍ സുഹൃത്തിന്റെ വാഹനം ലഭിക്കുമെന്നായിരുന്നു ഇവര്‍ പ്രതീക്ഷിച്ചതെങ്കിലും സുഹൃത്ത് സമ്മതിക്കാതായതോടെയാണ് വിനയായത്.

തുടര്‍ന്ന് പിറ്റെ ദിവസം സാഞ്ജിറാമിന്റെ മരുമകന്‍, മകന്‍ വിശാല്‍, പോലീസ് ഉദ്യോഗസ്ഥനായ ദീപക് കജുരിയ, സുഹൃത്ത് മാനു എന്നിവര്‍ ചേര്‍ന്ന് കുട്ടിയെ കാട്ടിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബക്കര്‍വാല്‍ മുസ്‌ലിം വിഭാഗത്തില്‍ പെട്ട ആളുകള്‍ പ്രദേശത്ത് സ്ഥലം വലിയ തോതില്‍ വാങ്ങിക്കൂട്ടുന്നുവെന്നറിഞ്ഞ ശേഷം ജനുവരി ഏഴ് മുതലാണ് കുട്ടിയെ തട്ടിക്കൊണ്ട് പോവാനുള്ള പദ്ധതിക്ക് സാഞ്ജിറാം പദ്ധതിയിട്ടത്.

തുടര്‍ന്ന് കുട്ടിയെ കാട്ടിലെത്തിച്ച് ബോധം കെടുത്തി മെത്തയില്‍ ചുരുട്ടി ക്ഷേത്രത്തിന് അകത്തേക്ക് എത്തിക്കുകയായിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് പേര്‍ക്കെതിരേയും പ്രത്യേകം കുറ്റപത്രമാണ് പോലീസ് ചുമത്തിയിരിക്കുന്നത്.

കുട്ടിയെ തട്ടിക്കൊണ്ട് പോവല്‍, കൊലപ്പെടുത്തല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കേസുകളാണ് സാഞ്ജിറാമിനെതിരേ ചുമത്തിയിരിക്കുന്നത്. സുഹൃത്ത് മാനുവിനെതിരേയും തട്ടികൊണ്ട് പോവലിനാണ് കേസ്. പോലീസ് ഉദ്യോഗസ്ഥന്‍ അടക്കം മറ്റ് മൂന്ന് പേര്‍ക്കെതിരെ ഇതോടൊപ്പം ബലാത്സംഗക്കേസും ചുമത്തിയിട്ടുണ്ട്.

സാഞ്ജിറാമില്‍ നിന്ന് പോലീസ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത് എന്നിവര്‍ കുറ്റകൃത്യം മറച്ച് വെക്കാന്‍ നാല് ലക്ഷം രൂപ കൈപറ്റിയിരുന്നതായും കുറ്റപത്രം പറയുന്നു. കൊലപാതകത്തിന് ശേഷം ജനുവരി 15 ന് ഹിരാനഗര്‍ കനാലിനടുത്ത് കളിക്കാനെത്തിയ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി കൊലപാതകത്തെ കുറിച്ച് സുഹൃത്ത് അമിത് ശര്‍മയോട് പറഞ്ഞതാണ് വഴിത്തിരിവായത്.

അന്ന് വൈകുന്നേരം സാഞ്ജിറാമിന്റെ മകന്‍ വിശാല്‍ മീററ്റിലേക്ക് തിരിച്ച് പോവുകയും ചെയ്തു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് വന്ന ശേഷം കാമ പൂര്‍ത്തീകരണത്തിന് താത്പര്യമുണ്ടെങ്കില്‍ നാട്ടിലെത്തണമെന്ന അറിയിപ്പ് പ്രകാരമായിരുന്നു വിശാല്‍ നാട്ടിലെത്തിയത്.

കാട്ടിലെത്തിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് പ്രതികള്‍ കുട്ടിയെ കൊലപ്പെടുത്തിയത്. മരിക്കുന്നതിന് മുമ്പ് പോലീസ് ഉദ്യോഗസ്ഥനായ ദീപക് കജുരിയ കുട്ടിയെ ഒരിക്കല്‍ കൂടി ബലാത്സംഗം ചെയ്യുകയും ചെയ്തു. കേസിന്റെ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന ഹര്‍ജി പരിഗണിച്ച് വിചാരണയ്ക്ക് കഴിഞ്ഞ ദിവസം താത്കാലികമായി സുപ്രീകോടതി സ്‌റ്റേ നല്‍കുകയും ചെയ്തിരുന്നു.