കേരളത്തിലെ ദേശീയപാത വികസനത്തിനുളള അലൈന്‍മെന്റില്‍ മാറ്റം വരുത്തില്ലെന്ന് കേന്ദ്രം; ‘സെപ്റ്റംബറില്‍ ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാക്കണം’

single-img
28 April 2018

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന അലൈന്‍മെന്റിലും നഷ്ടപരിഹാരത്തുകയിലും മാറ്റം വരുത്താനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ദേശീയപാതയ്ക്ക് വേണ്ട സ്ഥലമെടുപ്പ് നടപടികള്‍ അഞ്ച് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി സംസ്ഥാനത്തെ അറിയിച്ചു.

കൊച്ചി ബോള്‍ഗാട്ടിയിലെ ലുലു കണ്‍വന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുള്ള ഭൂമിയേറ്റടുക്കലിലെ തടസങ്ങള്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനുപിന്നാലെ് ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ത്തന്നെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്കരിയുടെ അധ്യക്ഷതയില്‍ യോഗം ചേരുകയായിരുന്നു.

എന്നാല്‍ നിലവിലെ അലൈന്‍മെന്റിലും നഷ്ടപരിഹാരത്തുകയിലും ഒരുതരത്തിലും മാറ്റമുണ്ടാകില്ലെന്ന് മുഖ്യമന്ത്രിയും പൊതുമരാമത്തുമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ കേന്ദ്രം നിലപാട് അറിയിച്ചു. ഇതോടെ മലപ്പുറത്ത് അടക്കം നിലവിലുള്ള പ്രശ്‌നങ്ങള്‍ ഉടനടി പരിഹരിക്കുമെന്നായിരുന്നു സംസ്ഥാനത്തിന്റെ മറുപടി.

വടക്കന്‍ കേരളത്തില്‍ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ രണ്ട് മാസത്തിനകവും തെക്കന്‍ കേരളത്തില്‍ നാല് മാസത്തിനകവും പൂര്‍ത്തിയാക്കും. നവംബറില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ നിര്‍മാണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി ജി.സുധാകരന്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ കീഴാറ്റൂര്‍ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയായില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.