യുഎഇയില്‍ പ്ലാസ്റ്റിക് അരി: വിശദീകരണവുമായി ഭക്ഷ്യനിരീക്ഷണ അതോറിറ്റി

single-img
28 April 2018

അബുദാബി: എമിറേറ്റിലെ വിപണിയില്‍ പ്ലാസ്റ്റിക് അരിയുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് അധികൃതര്‍. അരി ഇനങ്ങളെല്ലാം സുരക്ഷിതവും ഉപയോഗപ്രദവുമാണ്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതു തെറ്റായ വാര്‍ത്തകളാണെന്നും ഭക്ഷ്യനിരീക്ഷണ അതോറിറ്റി വ്യക്തമാക്കി.

പ്ലാസ്റ്റിക് അരി വിപണികളില്‍ വില്‍ക്കുന്നുണ്ടെന്ന വാര്‍ത്ത ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നതാണ്. ഭക്ഷ്യവസ്തുക്കളുടെ സുരക്ഷയും നിലവാരവും ഉറപ്പാക്കാന്‍ സ്ഥിരം പരിശോധനകള്‍ അതോറിറ്റിക്കു കീഴില്‍ നടത്തുന്നുണ്ട്. അതിനൂതന സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ഈ പരിശോധനകളിലൊന്നും പ്ലാസ്റ്റിക് അരി കണ്ടെത്തിയിട്ടില്ല.

രാജ്യത്തെത്തുന്ന ഭക്ഷ്യോല്‍പന്നങ്ങള്‍ എല്ലാ ശാസ്ത്രീയ പരിശോധനകള്‍ക്കും ശേഷമാണു കമ്പനികള്‍ വിപണിയില്‍ എത്തിക്കുന്നതെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി. പരിശോധനകളില്‍ അസ്വാഭാവികത കണ്ടെത്തിയാല്‍ ഉല്‍പന്നങ്ങള്‍ ഉടന്‍ വിപണിയില്‍നിന്നു പിന്‍വലിക്കും. വാങ്ങുന്ന സാധനങ്ങളില്‍ സംശയം തോന്നിയാല്‍ പൊതുജനങ്ങള്‍ക്കു പരാതിപ്പെടാന്‍ ടോള്‍ ഫ്രീ നമ്പര്‍ ഉണ്ട്. ടോള്‍ഫ്രീ നമ്പര്‍: 800555.