സിപിഎം ലോക്കല്‍ സെക്രട്ടറിയെ വധിച്ചത് പാര്‍ട്ടി; പുറത്തു പറഞ്ഞാല്‍ മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: ഭാര്യയുടെ വെളിപ്പെടുത്തല്‍

single-img
28 April 2018

കൊല്ലം: രണ്ടു വര്‍ഷം മുമ്പ് കൊല്ലപ്പെട്ട കൊല്ലം ഇടമുളയ്ക്കല്‍ സിപിഎം ലോക്കല്‍ സെക്രട്ടറി രവീന്ദ്രന്‍ പിള്ളയെ വധിച്ചത് പാര്‍ട്ടി തന്നെയാണെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. പാര്‍ട്ടിയറിയാതെ രവീന്ദ്രന്‍ പിള്ളയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന് കുടുംബം ഒരു പ്രമുഖ വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

2008 ജനുവരി 3 ന് അഞ്ചലില്‍ വെച്ചാണ് സിപിഎമ്മിന്റെ പ്രമുഖ പ്രാദേശിക നേതാക്കളില്‍ ഒരാളായ രവീന്ദ്രന്‍ പിള്ളയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. എട്ടു വര്‍ഷത്തോളം ജീവച്ഛവമായി കിടന്ന ശേഷം 2016 ജനുവരി 13 ന് മരിക്കുകയായിരുന്നു. അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായിയും ആഭ്യന്തരമന്ത്രി ആയിരുന്ന കോടിയേരിയും വീട് സന്ദര്‍ശിക്കുകയും കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്ന് അറിയിക്കുകയും ചെയ്‌തെങ്കിലും ഒന്നും സംഭവിച്ചില്ലെന്ന് കുടുംബം പറയുന്നു.

തുടരന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ പാര്‍ട്ടിക്കാരുടെ മട്ടുമാറി. ഇതുവരെ ഈ വിവരം പുറത്ത് പറയാതിരുന്നത് ഭീഷണിയില്‍ ഭയന്നാണ്. മക്കളെ കൊല്ലുമെന്നായിരുന്നു ഭീഷണി. യഥാര്‍ത്ഥ പ്രതികളെ പിടികൂടിയാല്‍ പലരും വെട്ടിലാകുമെന്ന് പാര്‍ട്ടിക്കറിയാവുന്നതിനാലാണ് മൂടി വെയ്ക്കുന്നത്.

രവീന്ദ്രന്‍ പിള്ളയെ വെട്ടി വീഴ്ത്തിയത് ക്വട്ടേഷന്‍ സംഘമാണ്. എന്നാല്‍ കാരണം അറിയില്ല. ഇതായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിഗമനം. അഞ്ചുപേരെ പ്രതിചേര്‍ത്തെങ്കിലും അവരല്ല ആക്രമിച്ചതെന്ന് രവീന്ദ്രന്‍ പിള്ള തിരിച്ചറിഞ്ഞിരുന്നു.