സി.പി.എം അംഗത്തിന്റെ വോട്ട് അസാധുവായി; പാലക്കാട് നഗരസഭയില്‍ ബിജെപിക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായില്ല

single-img
28 April 2018

പാലക്കാട്: പാലക്കാട് നഗരസഭയില്‍ ബി.ജെ.പിക്കെതിരായി യു.ഡി.എഫ് കൊണ്ടുവന്ന ആദ്യത്തെ അവിശ്വാസ പ്രമേയം പാസായില്ല. ഒരു സി.പി.എം അംഗത്തിന്റെ വോട്ട് അസാധുവായതാണ് തിരിച്ചടിയായത്. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷനെതിരായ അവിശ്വാസ പ്രമേയമാണ് പരാജയപ്പെട്ടത്.

എട്ട് അംഗങ്ങളുള്ള ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും മൂന്ന് അംഗങ്ങളും സി.പി.എമ്മിന് രണ്ട് അംഗങ്ങളുമാണുള്ളത്. അവിശ്വാസം പാസാകണമെങ്കില്‍ അഞ്ച് അംഗങ്ങളുടെ പിന്തുണ വേണമെന്നാണ് ചട്ടം. എന്നാല്‍ സി.പി.എമ്മിന്റെ ഒരംഗത്തിന്റെ വോട്ട് അസാധുവാകുകയായിരുന്നു.

എന്നാല്‍ ഇതെങ്ങനെയാണെന്ന് വ്യക്തമല്ല. വോട്ടില്‍ ഒപ്പിടാന്‍ മറന്ന് പോയെന്നാണ് വിശദീകരണം. അതേസമയം, ബി.ജെ.പിക്കെതിരെ കൊണ്ടുവന്ന ആദ്യ അവിശ്വാസം പരാജയപ്പെട്ടത് കോണ്‍ഗ്രസിനും സി.പി.എമ്മിനും കനത്ത തിരിച്ചടിയായി.

ഇനി 11 മണിക്ക് മറ്റൊരു സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്ക് കൂടി അവിശ്വാസ പ്രമേയം പരിഗണിക്കുന്നുണ്ട്. ഇതിലെ ഫലം എന്താകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ സി.പി.എം അംഗത്തിന്റെ വോട്ട് അസാധുവായത് വരും ദിവസങ്ങളില്‍ കേരളത്തില്‍ വിവാദത്തിന് വഴിവയ്ക്കുമെന്നുറപ്പാണ്.

യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് പിന്തുണ നല്‍കുമെന്ന് സിപിഎം രാവിലെ അറിയിച്ചിരുന്നു. ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. നഗരസഭയിലെ ബിജെപി ഭരണം സര്‍വത്ര അഴിമതിയില്‍ മുങ്ങിയതാണെന്ന് യുഡിഎഫ് ആരോപിക്കുന്നു.

നാല് ബിജെപി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ക്കെതിരേയാണ് യുഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. നഗരസഭയിലെ 52 അംഗങ്ങളില്‍ ബിജെപിക്ക് 24, യുഡിഎഫിന് 18, എല്‍ഡിഎഫ് ഒമ്പത്, വെല്‍ഫെയര്‍ പാര്‍ട്ടി ഒന്ന് എന്നിങ്ങനെയാണ് അംഗബലം. കേരളത്തില്‍ ബിജെപി ഭരിക്കുന്ന ഏക നഗരസഭയാണ് പാലക്കാട്.