എല്‍ഡിഎഫും യുഡിഎഫും ‘ചോര്‍ച്ചയില്ലാതെ’ കൈകോര്‍ത്തു; പാലക്കാട് നഗരസഭയില്‍ ബിജെപിക്കെതിരായ രണ്ടാം അവിശ്വാസ പ്രമേയം പാസായി

single-img
28 April 2018

പാലക്കാട്: പാലക്കാട് നഗരസഭയില്‍ ബിജെപിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന രണ്ടാമത്തെ അവിശ്വാസപ്രമേയം പാസായി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനെതിരായ അവിശ്വാസപ്രമേയമാണ് പാസായിരിക്കുന്നത്. സിപിഎമ്മിന്റെ പിന്തുണയോടെയാണ് പ്രമേയം പാസായത്.

സംസ്ഥാനത്ത് ബിജെപി ഭരണത്തിലുള്ള ഏക നഗരസഭയാണ് പാലക്കാട്. അവിശ്വാസപ്രമേയം വിജയിച്ചതോടെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ബിജെപിയുടെ പി സ്മിതേഷ് പുറത്തായി. അതേസമയം, സിപിഎം പിന്തുണച്ചിട്ടും രാവിലെ നടന്ന ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനെതിരായ അവിശ്വാസപ്രമേയം പരാജയപ്പെട്ടിരുന്നു.

ഇനി വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനെതിരായ അവിശ്വാസപ്രമേയം അവതരിപ്പിക്കാനുണ്ട്. സിപിഎം പിന്തുണ ഉണ്ടെങ്കില്‍ ഇതും വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് അവിശ്വാസപ്രമേയം ചര്‍ച്ചയ്ക്ക് എടുക്കുന്നത്.

നഗരസഭാധ്യക്ഷനും ഉപാധ്യക്ഷനുമെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കുന്നതിന് മുന്നോടിയായാണ് മൂന്ന് സ്റ്റാന്‍ഡിംഗ് കമ്മറ്റികള്‍ക്കെതിരെ യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടു വന്നത്. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍ക്കെതിരെയാണ് യുഡിഎഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

ആദ്യം ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനെതിരായ അവിശ്വാസമായിരുന്നു പരിഗണിച്ചത്. എട്ടംഗങ്ങളുള്ള സ്റ്റാന്റിംഗ് കമ്മറ്റിയില്‍ ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് മൂന്ന് വീതവും സിപിഎമ്മിന് രണ്ടും അംഗങ്ങളാണുള്ളത്. അവിശ്വാസം പാസാകാന്‍ അഞ്ച് അംഗങ്ങളുടെ പിന്തുണ വേണമായിരുന്നു. എന്നാല്‍ ഒരു സിപിഎം അംഗത്തിന്റെ വോട്ട് അസാധുവായതോടെ പ്രമേയം പരാജയപ്പെടുകയായിരുന്നു.

ഒറ്റയ്ക്ക് അവിശ്വാസപ്രമേയങ്ങള്‍ വിജയിപ്പിക്കാനുള്ള അംഗബലം യുഡിഎഫിനില്ല. അതിനാലാണ് സിപിഎമ്മിന്റെ പിന്തുണ തേടിയത്. 52 അംഗ പാലക്കാട് നഗരസഭയില്‍ ബിജെപിക്ക് 24 അംഗങ്ങളാണുള്ളത്. യുഡിഎഫിന് 18 ഉം എല്‍ഡിഎഫിന് ഒന്‍പതും വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഒന്നും അംഗങ്ങളാണുള്ളത്.