പാലക്കാട് നഗരസഭയില്‍ ബിജെപിക്ക് തിരിച്ചടി: കോണ്‍ഗ്രസ് അവിശ്വാസത്തെ സിപിഎം പിന്തുണയ്ക്കും

single-img
28 April 2018

പാലക്കാട്: കോണ്‍ഗ്രസുമായി നീക്കുപോക്കാകാമെന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചതിനു ശേഷം അത് നടപ്പിലാക്കാന്‍ ലഭിച്ച ആദ്യ അവസരം പാര്‍ട്ടി ഉപയോഗപ്പെടുത്തി. സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയിലെ നാല് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍മാര്‍ക്കെതിരെ കോണ്‍ഗ്രസ് നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസിനെ സിപിഎം പിന്തുണയ്ക്കും.

ഇന്നാണ് നഗരസഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കുന്നത്. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസുമായി നീക്കുപോക്കുണ്ടാക്കാന്‍ സിപിഎം തീരുമാനിച്ചു. പാലക്കാട് നഗരസഭയിലെ നാല് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍ക്കെതിരെയാണ് യു.ഡി.എഫ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്.

മരാമത്ത്, വികസനം, ആരോഗ്യം, ക്ഷേമം സ്ഥിരസമിതി ചെയര്‍മാന്മാര്‍ക്കെതിരെ യഥാക്രമം കൗണ്‍സിലര്‍മാരായ ബി.സുഭാഷ്, എം.മോഹന്‍ബാബു, കെ.മണി, വി.മോഹനന്‍ എന്നിവരാണ് നോട്ടീസ് നല്‍കിയത്. 52 അംഗ കൗണ്‍സിലില്‍ 24 അംഗങ്ങളുള്ള ബി.ജെ.പിയാണ് ഏറ്റവും വലിയ കക്ഷി.

യു.ഡി.എഫിന് 18 അംഗങ്ങളുണ്ട്. ഇവരില്‍13 പേര്‍ കോണ്‍ഗ്രസും അഞ്ചുപേര്‍ മുസ്ലിം ലീഗുമാണ്. സ്വതന്ത്രനായ ഒരംഗത്തിന് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വോട്ടവകാശമില്ല. ബാക്കിയുള്ളവരില്‍ ഒമ്പത് പേര്‍ സി.പി.എമ്മും ഒരാള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമാണ്. അവിശ്വാസം വിജയിക്കണമെങ്കില്‍ സി.പി.എമ്മിന്റെ നിലപാട് നിര്‍ണായകമായിരുന്നു.

അതേസമയം, യു.ഡി.എഫ് കൗണ്‍സിലര്‍മാരില്‍ ചിലര്‍ ബി.ജെ.പിക്ക് അനുകൂലമായ തീരുമാനമെടുക്കുമെന്ന് അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് യു.ഡി.ഫ് യോഗം ചേര്‍ന്ന് കൗണ്‍സിലര്‍മാര്‍ക്ക് വിപ്പ് നല്‍കാന്‍ തീരുമാനിച്ചു. രാവിലെ 9.30ന് നഗരകാര്യ വകുപ്പ് കോഴിക്കോട് മേഖലാ ജോയിന്റ് ഡയറക്ടറുടെ സാന്നിദ്ധ്യത്തില്‍ അവിശ്വാസ നോട്ടീസില്‍ ചര്‍ച്ച നടക്കും.

നഗരസഭയിലെ ബിജെപി ഭരണം സര്‍വത്ര അഴിമതിയില്‍ മുങ്ങിയതാണെന്ന് യുഡിഎഫ് ആരോപിക്കുന്നു. പൊതുമരാമത്ത് സ്ഥിരസമിതി അദ്ധ്യക്ഷനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയെങ്കിലും ബി.ജെ.പി അംഗങ്ങള്‍ സാങ്കേതിക പ്രശ്‌നമുന്നയിച്ചതിനാല്‍ മേയ് മൂന്നിന് ഉച്ചക്ക് രണ്ടിന് ചര്‍ച്ച നടത്തും.