വോട്ട് നേടാന്‍ എന്തു ചെയ്യണമെന്ന് ബി.ജെ.പി നേതാക്കളെ ഉപദേശിച്ച മധ്യപ്രദേശ് ഗവര്‍ണര്‍ വിവാദത്തില്‍

single-img
28 April 2018

സത്‌ന: എങ്ങനെ വോട്ടുനേടാമെന്ന് മധ്യപ്രദേശിലെ ബി.ജെ.പി നേതാക്കളെ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ഉപദേശിക്കുന്ന വീഡിയോ പുറത്ത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ മധ്യപ്രദേശ് സന്ദര്‍ശനത്തിന് മുന്നോടിയായി ചിത്രകൂട് സന്ദര്‍ശനത്തിനിടെയായിരുന്നു ഗവര്‍ണറുടെ ഉപദേശം.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതും പോഷകാഹാരക്കുറവുള്ളതുമായ കുട്ടികളെ ദത്തെടുക്കുന്നതിലൂടെ മാത്രമേ നിങ്ങള്‍ക്കു വോട്ടു നേടാന്‍ സാധിക്കൂവെന്ന് ബെന്‍ പറയുന്നു. മറ്റുള്ളവരോട് അന്വേഷിച്ച് ഒരു പ്രചാരണം നടത്തണെമന്നും ബെന്‍ സത്‌ന മേയര്‍ മംത പാണ്ഡെയോടും മറ്റു നേതാക്കളോടുമായി പറയുന്നുണ്ട്.

അങ്കണവാടിയില്‍ നിന്ന് ധാരാളം കുട്ടികളെ ദത്തെടുത്തിട്ടുണ്ടെന്ന് പാണ്ഡെ മറുപടിയും നല്‍കുന്നുണ്ട്. എന്നാല്‍ അങ്കണവാടിയില്‍ നിന്ന് ദത്തെടുത്തതുകൊണ്ടു മാത്രം വോട്ട് ലഭിക്കുകയില്ലെന്ന് ബെന്‍ ഉപദേശിക്കുന്നു. ഗ്രാമങ്ങളിലേക്ക് ചെല്ലണം. ഗ്രാമീണര്‍ക്കൊപ്പം ചെലവഴിക്കുക.

അവര്‍ക്കൊപ്പമിരുന്ന് കുട്ടികളെ താലോലിക്കുക. കുട്ടികളെ സംരക്ഷിക്കുക. എന്നാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിക്കും. എങ്കില്‍ മാത്രമേ 2022 നെ കുറിച്ച് നേരന്ദ്ര ഭായിക്കുള്ള (നരേന്ദ്ര മോദി) സ്വപ്നം പൂവണിയൂവെന്നും ബെന്‍ വ്യക്തമാക്കുന്നു. നിങ്ങള്‍ക്ക് വോട്ട് വേണ്ട. എന്നാല്‍ ഞങ്ങള്‍ക്കത് ആവശ്യമുണ്ടെന്ന് കൂടെയുള്ള ഉദ്യോഗസ്ഥരോടും ബെന്‍ പറയുന്നതായി വിഡിയോയിലുണ്ട്.

എന്നാല്‍ ബെന്നിന്റെ ഉപേദശം തരംഗമായതോടെ ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. ആനന്ദിബെന്‍ തെന്റെ ഭരണഘടനാ പദവി ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ആനന്ദിബെന്നിനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ഭവനെ സമീപിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.