തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയെ എലി കടിച്ചു; രണ്ടു വിരലിന്റെ ഭാഗങ്ങള്‍ എലി കടിച്ചെടുത്തു

single-img
28 April 2018

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയെ എലി കടിച്ചു. രണ്ട് തവണയായി രണ്ടു വിരലിന്റെ ഭാഗങ്ങള്‍ എലി കടിച്ചെടുത്തു. 15ാം വാര്‍ഡില്‍ കഴിയുന്ന അഞ്ചല്‍ സ്വദേശി രാജേഷിനാണ് കടിയേറ്റത്. ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റതിനെ തുടര്‍ന്നാണ് രാജേഷ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്കെത്തിയത്.

ഇടതുകാലില്‍ പൊട്ടല്‍ ഉണ്ടായിരുന്നതിനാല്‍ ഇരുമ്പ് പ്ലേറ്റ് ഘടിപ്പിച്ചിരിക്കുകയായിരുന്നു. ഈ കാലിലെ പെരുവിരലിലാണ് ഒരാഴ്ച മുന്‍പു കടിയേറ്റത്. മരവിച്ചിരിക്കുന്ന കാലില്‍ കടിയേറ്റതു രാജേഷ് അറിഞ്ഞില്ല. അമ്മ ലതിക വിവരം അറിയിച്ചതിനെ തുടര്‍ന്ന് പരുക്കില്‍ മരുന്നു പുരട്ടുകയും കുത്തിവയ്‌പ്പെടുക്കുകയും ചെയ്തു.

ഇന്നലെ രാവിലെ കാലിലെ ഇരുമ്പ് പ്ലേറ്റ് മാറ്റി പ്ലാസ്റ്റര്‍ ഇട്ടു. ഇന്നലെ രാത്രിയാണു രണ്ടു വിരലുകളിലും വീണ്ടും എലി കടിച്ചത്. രാവിലെ ലതിക വീണ്ടും ഡോക്ടര്‍മാരെ കണ്ടു. പരിശോധിച്ച അവര്‍ രാജേഷിനു കുത്തിവയ്‌പ്പെടുത്തുവെന്നു ലതിക പറഞ്ഞു. ഈ വാര്‍ഡില്‍ എലി ശല്യമാണെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു.