ബെംഗളൂരുവില്‍ നിന്നു കണ്ണൂരിലേക്ക് 42 യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യ ബസ് പൊലീസ് ചമഞ്ഞെത്തിയ സംഘം തട്ടിയെടുത്തു

single-img
28 April 2018

കെങ്കേരിക്കു സമീപം ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. ബെംഗളൂരുവില്‍ നിന്നു കണ്ണൂരിലേക്ക് 42 യാത്രക്കാരുമായി പോകുകയായിരുന്ന ലാമ ട്രാവല്‍സിന്റെ ബസാണു നാലംഗ സംഘം തടഞ്ഞത്. സംഘത്തിലൊരാള്‍ ബസില്‍ കയറി പൊലീസാണെന്നു പറഞ്ഞു ഡ്രൈവറെ ഭീഷണിപ്പെടുത്തി സീറ്റില്‍ നിന്നു മാറ്റി.

പിന്നീട് ഇയാള്‍ തന്നെ ബസോടിച്ചു പ്രധാനറോഡില്‍ നിന്നു വിട്ടുമാറി ബസ് പാര്‍ക്ക് ചെയ്യുന്ന ഗ്രൗണ്ടിലേക്കു മാറ്റുകയായിരുന്നു. യാത്രക്കാര്‍ ബഹളം വച്ചതോടെ ഏറെ നേരത്തിനു ശേഷമാണ് ഇവര്‍ ബസ് വിട്ടുകൊടുത്തത്. യാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു രാജരാജേശ്വരിനഗര്‍ പൊലീസ് സ്ഥലത്തെത്തി ബസ് സ്റ്റേഷനിലേക്കു മാറ്റി.

പുലര്‍ച്ചെ നാലിനാണു യാത്ര പുനരാരംഭിച്ചത്. ബസിന്റെ വായ്പ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ പേരില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തിനു വേണ്ടിയാണ് ബസ് തട്ടിയെടുത്തതെന്നാണു പ്രാഥമിക അന്വേഷണത്തിലെ സൂചന. സംഭവത്തില്‍ നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.