അവധിക്കാലം ആഘോഷിക്കാന്‍ കര്‍ണാടകയിലേക്കാണോ യാത്ര?; എങ്കില്‍ സൂക്ഷിച്ചേ മതിയാകൂ….

single-img
28 April 2018

കുടക്, മൈസൂര്‍, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങള്‍ കേരളത്തിലെ സഞ്ചാരികളുടെ ഇഷ്ട പ്രദേശങ്ങളാണ്. അതുകൊണ്ടുതന്നെ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ മിക്കവരും കര്‍ണാടകയിലേക്ക് വെച്ചുപിടിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ പോകുമ്പോള്‍ ഒന്നു സൂക്ഷിക്കുന്നത് നല്ലതായിരിക്കും.

കര്‍ണ്ണാടക തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ വഴിച്ചെലവിനും താമസത്തിനും ഷോപ്പിങ്ങിനുമായി 50,000 രൂപയില്‍ കൂടുതല്‍ കൈവശം വയ്ക്കരുത്. ഇനി അഥവാ പണം കയ്യില്‍ സൂക്ഷിക്കുന്നുണ്ടെങ്കില്‍ രേഖകള്‍ എടുക്കാന്‍ മറക്കരുത്.

കര്‍ണ്ണാടക തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രേഖകളില്ലാത്ത പണം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്നു കണ്ണൂര്‍ കലക്ടര്‍ മിര്‍ മുഹമ്മദ് അലി മുന്നറിയിപ്പു നല്‍കി. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പണം പിടിച്ചെടുത്താല്‍ കൃത്യമായ രേഖകള്‍ നല്‍കിയാല്‍ സാധാരണ രീതിയില്‍ തിരിച്ചു നല്‍കാറുണ്ട്.

എന്നാല്‍ വഴിച്ചെലവിനുള്ള പണം തല്‍ക്കാലം കയ്യില്‍ നിന്നു പോകുന്നതു പ്രയാസമുണ്ടാക്കും. മാത്രമല്ല പിന്നീടു തുക തിരികെ വാങ്ങുന്നതിനു നൂലാമാലകളുമുണ്ടാകും. ആവശ്യങ്ങള്‍ക്കുള്ള പണം അതാതു സമയത്തു പിന്‍വലിക്കുകയും ഷോപ്പിങ്ങിനു പരമാവധി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുയോ ചെയ്യാം.

വിനോദസഞ്ചാരത്തിനു പുറമേ വ്യാപാരികളും നിരന്തരം കര്‍ണ്ണാടകയെ ആശ്രയിക്കുന്നവരാണ്. വ്യാപാര ആവശ്യങ്ങള്‍ക്കു പോകുന്നവരും ഇക്കാര്യം ശ്രദ്ധിക്കണം. കര്‍ണ്ണാടകയോടു ചേര്‍ന്നു കിടക്കുന്ന കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ വ്യാപാരികളാണു കൂടുതലായും വ്യാപാര ആവശ്യങ്ങള്‍ക്കായി കര്‍ണ്ണാടകയിലേക്കു പോകുന്നത്. മേയ് 12നാണു കര്‍ണ്ണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.