സിപിഐ ഇപ്പോള്‍ ‘കണ്‍ഫ്യൂസിംഗ് പാര്‍ട്ടി ഓഫ് ഇന്ത്യ’; നേതൃത്വത്തിന് കനയ്യയുടെ പരിഹാസം

single-img
28 April 2018

കൊല്ലം: പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ നിലവിലെ നേതൃത്വം പരാജയപ്പെട്ടെന്ന് കനയ്യ കുമാര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍. കോണ്‍ഗ്രസുമായി ബന്ധം സ്ഥാപിക്കുന്നതിനല്ല, പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ശക്തിപ്പെടുന്നത് അനുസരിച്ചു കോണ്‍ഗ്രസ്, പാര്‍ട്ടിയെ തേടി വരികയാണ് വേണ്ടത്. കോണ്‍ഗ്രസ്സ് ബന്ധത്തില്‍ വ്യക്തത ഇല്ലാത്ത ദേശീയ നേതൃത്വം കണ്‍ഫ്യൂസിങ് പാര്‍ട്ടി ഓഫ് ഇന്ത്യ ആയെന്നും കനയ്യ പരിഹസിച്ചു.

അതേസമയം സിപിഐ ദേശീയ ഘടകങ്ങളില്‍നിന്നു മുതിര്‍ന്ന നേതാക്കള്‍ ഒഴിവായേക്കും. കേരള നേതൃത്വത്തിനു വയസ്സായെന്നു പൊതുചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും കൂടുതല്‍ രൂക്ഷമായി ഇതേ നിലപാട് ആവര്‍ത്തിച്ചു.

ഇതോടെയാണു നേതൃമാറ്റം അനിവാര്യമായത്. പന്ന്യന്‍ രവീന്ദ്രന്‍ ദേശീയ സെക്രട്ടേറിയറ്റില്‍ നിന്നും സി.എന്‍.ചന്ദ്രന്‍, കെ.രാജന്‍, സി.എ.കുര്യന്‍ എന്നിവര്‍ ദേശീയ കൗണ്‍സിലില്‍ നിന്നും ഒഴിവായേക്കും. പകരം ബിനോയ് വിശ്വം, കെ.പി.രാജേന്ദ്രന്‍, മുല്ലക്കര രത്‌നാകരന്‍, പി.പ്രസാദ് എന്നിവരാണു പരിഗണനയില്‍.

കൗണ്‍സിലില്‍ കേരളത്തില്‍നിന്നു നിലവില്‍ 14 അംഗങ്ങളാണുള്ളത്. അംഗത്വ വര്‍ധനയുടെ അടിസ്ഥാനത്തില്‍ ഇത്തവണ അത് 15 ആകും. എസ്.സുധാകര്‍ റെഡ്ഡി ജനറല്‍ സെക്രട്ടറി പദവി ഒഴിയണമെന്നാണു പൊതുവികാരം. എന്നാല്‍ കേരള നേതൃത്വത്തിന് ഇതിനോടു യോജിപ്പില്ല.

ഗുരുദാസ് ദാസ് ഗുപ്ത ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി പദവി ഒഴിയും. ഡി.രാജയ്ക്കും അതുല്‍കുമാര്‍ അഞ്ജാനുമാണു പകരം സാധ്യത. കേന്ദ്ര സെക്രട്ടേറിയറ്റിലും അഴിച്ചുപണിയുണ്ടാകും. ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ബിനോയ് വിശ്വത്തെ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്.

ദേശീയ കൗണ്‍സിലില്‍ കേരളത്തില്‍നിന്ന് ആരൊക്കെ എന്നതും അറിയാനുണ്ട്. ശനിയാഴ്ച പൊതുചര്‍ച്ചയ്ക്കുള്ള മറുപടിയും ഭേദഗതികള്‍ക്കായി കമ്മിഷന്‍ തിരിഞ്ഞുള്ള ചര്‍ച്ചയുമാണു പ്രധാന അജന്‍ഡ. പുതിയ ദേശീയ കൗണ്‍സിലിനെയും ഭാരവാഹികളെയും ഞായറാഴ്ച തിരഞ്ഞെടുക്കും.