ആയുസ് ഇനി 3 വര്‍ഷം മാത്രം; സമൂഹത്തിന്റെ അവഗണനയില്‍ പതറാതെ 10 വയസുകാരി

single-img
28 April 2018

ജനിതക വൈകല്യം മൂലം ചെറുപ്പത്തിലെ വാര്‍ധക്യ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന അസാധാരണമായ രോഗമായ പ്രൊഗേരിയയാണ് പത്ത് വയസുകാരി തഖ്‌ലിമ ജഹാന്‍ നിതുവിന്. 2007 സെപ്തംബര്‍ 10ന് ബംഗ്ലാദേശിലെ ഹാബിഗഞ്ചിലാണ് നിതു ജനിച്ചത്. കൂലിപ്പണിക്കാരനാണ് നിതുവിന്റെ പിതാവ് കമ്രുള്‍ ഹസന്‍.

അമ്മ ജോസ്‌ന വീട്ടമ്മയും. ഇരുവരുടെയും നാലാമത്തെ മകളാണ് നിതു. നിതുവിന് മൂന്ന് സഹോദരിമാരും മൂന്ന് സഹോദരന്‍മാരുമുണ്ട്. നിതുവിന് മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് അവളുടെ ശരീരത്തിലെ മാറ്റങ്ങള്‍ അമ്മ ശ്രദ്ധിച്ചത്. മറ്റ് കുട്ടികളുടേതില്‍ നിന്ന് വ്യത്യസ്തമായി ശരീരം മുതിര്‍ന്നവരെ പോലെയാകാന്‍ തുടങ്ങി.

മുടിയെല്ലാം പെട്ടെന്ന് പൊഴിഞ്ഞുപോകാനും തുടങ്ങി. ഇതുകണ്ട അമ്മ ആശങ്കയിലാകുകയും ഒരു അയല്‍വാസിയുമായി ഇക്കാര്യം പങ്കുവെക്കുകയും ചെയ്തു. അയല്‍വാസിയുടെ നിര്‍ദേശപ്രകാരം അടുത്തുള്ള ഒരു ഡോക്ടറെ കണ്ടു. അസുഖം മാറുമെന്നായിരുന്നു ഡോക്ടറുടെ ഉറപ്പ്. ചില മരുന്നുകളും നല്‍കി. എന്നാല്‍ ഡോക്ടര്‍ക്ക് അസുഖത്തെ കുറിച്ച് കൃത്യമായ ധാരണയില്ലാത്തത് നിതുവിന്റെ അസുഖം കൂട്ടിയതേയുള്ളൂ.

ഡോക്ടര്‍ നല്‍കിയ മരുന്ന് കഴിച്ചതോടെ അവളുടെ തലയിലെ മുടിയെല്ലാം പോയി. ഇതോടെ നിതുവിനെയും കൊണ്ട് മാതാപിതാക്കള്‍ ജില്ലാ ആശുപത്രിയിലേക്ക് പോയി. അവിടെ നിന്ന് ധാക്കയിലേക്ക് മെച്ചപ്പെട്ട ചികിത്സക്കായി നിര്‍ദേശിച്ചു. ധാക്കയിലെ ആശുപത്രിയിലാണ് നിതുവിന്റെ അസുഖത്തെ കുറിച്ച് വ്യക്തമായ നിഗമനത്തിലെത്തിയത്.

നിതുവിന് പ്രൊഗേരിയയാണെന്നും അവളുടെ ശരീരം ക്രമേണ പ്രായമായവരെ പോലെയാകുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഈ രോഗം ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കില്ലെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതി. മാത്രമല്ല ഈ അസുഖം ബാധിക്കുന്ന കുട്ടികള്‍ 13 വയസ് തികയ്ക്കില്ലെന്നും അവര്‍ അറിയിച്ചു. എന്നാല്‍ ഡോക്ടര്‍മാരുടെ വാക്കുകള്‍ വിശ്വസിക്കാന്‍ നിതുവിന്റെ മാതാപിതാക്കള്‍ തയ്യാറായില്ല. അവര്‍ മരുന്ന് നല്‍കാന്‍ അഭ്യര്‍ഥിച്ചു.

ശാരീരിക അസ്വസ്ഥതകളും വേദനയുമെല്ലാം അലട്ടുന്നുണ്ടെങ്കിലും നിതു അതെല്ലാം അവഗണിച്ചാണ് ജീവിക്കുന്നത്. കളിക്കാനും ചുറ്റി സഞ്ചരിക്കാനുമെല്ലാം അവള്‍ക്ക് ഇഷ്ടമാണ്. ഒരു പാവക്കുട്ടിയാണ് അവളുടെ ഏറ്റവും ഇഷ്ടപ്പെട്ട കളിപ്പാട്ടം. രണ്ടാം ക്ലാസിലാണ് നിതു പഠിക്കുന്നത്. നന്നായി ചിത്രം വരയ്ക്കും.

തന്റെ രോഗാവസ്ഥയെ കുറിച്ച് നിതുവിന് നല്ല ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ ഇനിയുളള ജീവിതം ആസ്വദിച്ചുജീവിക്കാനാണ് അവള്‍ ആഗ്രഹിക്കുന്നത്. കളിക്കാന്‍ കൂട്ടുള്ളത് സ്വന്തം സഹോദരിമാരാണ്. മെയ്ക്കപ്പ് ചെയ്യാനും വരയ്ക്കാനുമെല്ലാം ഒരുപാട് ഇഷ്ടമാണ് നിതുവിന്.

പക്ഷെ അവളെ അംഗീകരിക്കാന്‍ സാധിക്കാത്തത് സമൂഹത്തിനാണ്. അവളെ ബാധിച്ചത് രോഗമല്ല, സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടലാണ്. അവള്‍ക്ക് പ്രായമാകുന്നതിനനുസരിച്ച് ശരീരത്തിനും വാര്‍ധക്യം ബാധിച്ചു. ഇതോടെ അവളും അവളുടെ കുടുംബവും സമൂഹത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ടു. കുട്ടികളൊന്നും നിതുവിനെ കളിക്കാന്‍ കൂട്ടില്ല. അവളെ കാണുന്നത് തന്നെ കുട്ടികള്‍ക്ക് പേടിയാണ്.

ചില ആളുകള്‍ അവളെ ശാപവാക്കുകള്‍ പറയും, കുറ്റപ്പെടുത്തും. ഇതൊക്കെ കൊണ്ടുതന്നെ അവള്‍ പൊതുസ്ഥലങ്ങളിലേക്ക് പോകാറില്ല. സമൂഹത്തിന് തന്നെ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന സത്യം അവള്‍ ഇതിനോടകം തിരിച്ചറിഞ്ഞു കഴിഞ്ഞു. ചിലപ്പോഴൊക്കെ അവള്‍ അവളുടെ അമ്മയോട് ചോദിച്ചു, ”അള്ളാഹു എന്തിനാണ് എന്നെ ഭൂമിയിലേക്ക് അയച്ചത്.എന്താണ് എന്നെ തിരിച്ചെടുക്കാത്തത്? ” എന്ന്.

ഡോക്ടറുടെ അഭിപ്രായത്തില്‍ 13 വര്‍ഷക്കാലം മാത്രമാണ് നിതുവിന്റെ ആയുസ്. എന്നാല്‍ ജീവിതത്തിന്റെ ഈ ഹ്രസ്വകാലത്തില്‍ അവള്‍ നേരിടേണ്ടി വന്നത് അവഗണനയും അപമാനവും മാത്രമാണ്. അവള്‍ക്ക് ആയുസ് നല്‍കാന്‍ സമൂഹത്തിന് സാധിക്കില്ല. എന്നാല്‍ അവള്‍ക്ക് മെച്ചപ്പെട്ട ജീവിതം നല്‍കാന്‍ സാധിക്കും. അവള്‍ക്ക് സമൂഹത്തില്‍ നിന്ന് വേണ്ടത് അല്പം അനുകമ്പയും സ്‌നേഹവുമാണ്. സമൂഹത്തില്‍ നിന്ന് ലഭിക്കുന്ന ശ്രദ്ധയും പരിചരണവും ഭൂമിയിലെ ശിഷ്ടജീവിതം അര്‍ത്ഥവത്തും സുന്ദരവുമാക്കും.