വാട്‌സാപ്പ് ഹര്‍ത്താല്‍; എ.ബി.വി.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

single-img
27 April 2018

അപ്രഖ്യാപിത ഹര്‍ത്താലിന്റെ മുഖ്യ ആസൂത്രണ സംഘത്തില്‍പ്പെട്ട എന്‍ജിനീയറിങ് വിദ്യാര്‍ഥി പിടിയില്‍. കൊല്ലം ചടയമംഗലം സ്വദേശി സൗരവിനെയാണ് (19) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇയാള്‍ എബിവിപിയുടെ മുന്‍ സജീവ പ്രവര്‍ത്തകനായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

ആറ്റിങ്ങലിലെ ഒരു എന്‍ജിനീയറിങ് കോളേജില്‍ ബിടെക് വിദ്യാര്‍ഥിയാണ് പിടിയിലായ സൗരവ്. സ്‌കൂള്‍ പഠനകാലത്തു സജീവ എബിവിപി പ്രവര്‍ത്തകനായിരുന്നു ഇയാള്‍. കഴിഞ്ഞയാഴ്ച അറസ്റ്റിലായ അഞ്ചുപേര്‍ക്കൊപ്പം സൗരവും ‘വോയ്‌സ് ഓഫ് യൂത്ത്’ വാട്‌സാപ് ഗ്രൂപ്പിലൂടെ ഹര്‍ത്താല്‍ ആഹ്വാനം നടത്തിയെന്നാണു പൊലീസ് പറയുന്നത്.

നേരത്തെ അറസ്റ്റിലായ അമര്‍നാഥ് ബൈജുവിന്റെ സഹപാഠിയാണ് സൗരവ്. കലാപത്തിന് ആഹ്വാനം ചെയ്യല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍, പെണ്‍കുട്ടിയെ അപമാനിക്കല്‍, പോക്‌സോ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

മഞ്ചേരിയില്‍ പിടിയിലായ അഞ്ചുപേരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സൗരവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. തിരുവനന്തപുരം, കൊല്ലം സ്വദേശികളായ അഞ്ച് പേരെയാണ് പൊലീസ് മുന്‍പ് കസ്റ്റഡിയിലെടുത്തത്. പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്ത്.

പോസ്റ്റിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്. എസ്.പി. ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലാണ് അന്വേഷണം. കഴിഞ്ഞ ശനിയാഴ്ചയാണ് ഹര്‍ത്താല്‍ സംബന്ധിച്ച ഗൂഢാലോചന പുറത്ത് വരുന്നത്.

കേരളത്തില്‍ വര്‍ഗീയ കലാപം ലക്ഷ്യമിട്ടാണ് ഹര്‍ത്താല്‍ ആസൂത്രണം ചെയ്തത്. കൊല്ലം ഉഴുകുന്ന് അമരാലയം വീട്ടില്‍ അമര്‍നാഥ് ബൈജു (20)വാണ് ഹര്‍ത്താല്‍ എന്ന ആശയം മുന്നോട്ട് വെച്ചത്. ഇതിനായി വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി മേഖലാതലത്തില്‍ പ്രവര്‍ത്തിക്കാനായിരുന്നു നിര്‍ദേശം.