ലോകം കാത്തിരുന്ന കൊറിയന്‍ ഉച്ചകോടിക്ക് തുടക്കമായി

single-img
27 April 2018

ഉത്തര ദക്ഷിണ കൊറിയന്‍ ഉച്ചകോടിക്ക് തുടക്കമായി. ഇരുകൊറിയകള്‍ക്കും ഇടയിലെ സൈനികമുക്ത ഗ്രാമമായ പാന്‍മുന്‍ജോം ഗ്രാമത്തില്‍ കിം ജോങ് ഉന്നും മൂണ്‍ ജെ ഇന്നും പങ്കെടുക്കുന്ന ചര്‍ച്ച പുരോഗമിക്കുകയാണ്. കൊറിയന്‍ ഉപദ്വീപിനെ ആണവ മുക്തമാക്കുകയാണ് ചര്‍ച്ച കൊണ്ട് ലക്ഷ്യമിടുന്നത്.

ഇതിന് മുമ്പ് നടന്ന ചര്‍ച്ചകളെല്ലാം പരാജയമായിരുന്നു. 11 വര്‍ഷത്തിനുശേഷമാണ് ഇരുരാജ്യങ്ങളിലെയും തലവന്‍മാര്‍ കൂടിക്കാഴ്ച നടത്തുന്നത്. ഏത് സമയവും ആണവയുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന പ്രതീതിയായിരുന്നു മാസങ്ങള്‍ക്ക് മുന്‍പ് കൊറിയന്‍ ഉപദ്വീപില്‍.

എന്നാല്‍ ലോകത്തെയാകെ ആശ്ചര്യപ്പെടുത്തിക്കൊണ്ടാണ് ചര്‍ച്ചയ്ക്ക് ഇരുരാജ്യങ്ങളും തയ്യാറായത്. അണ്വായുധം ഉപേക്ഷിക്കുമെന്ന ഉത്തരകൊറിയയുടെ പ്രഖ്യാപനം ഉച്ചകോടിയിലുണ്ടാകുമോയെന്നാണ് ലോകം കാത്തിരിക്കുന്നത്. 1950-53 ലെ കൊറിയന്‍ ഏറ്റുമുട്ടല്‍ അവസാനിച്ചെങ്കിലും സമാധാനക്കരാറില്‍ ഒപ്പുവെയ്ക്കാത്തതിനാല്‍ സാങ്കേതികമായി രണ്ട് രാജ്യങ്ങളും യുദ്ധാവസ്ഥയിലാണ്.

1953ല്‍ കൊറിയന്‍യുദ്ധം അവസാനിച്ചതിനുശേഷം ദക്ഷിണകൊറിയയുടെ മണ്ണില്‍ കാലുകുത്തുന്ന ആദ്യ ഉത്തരകൊറിയന്‍ ഭരണാധികാരിയാവുകയാണ് കിം ജോങ് ഉന്‍. ഇരുകൊറിയകളുടെ അതിര്‍ത്തിയിലെ സൈനികരഹിതമേഖലയില്‍ നടക്കുന്ന ഉത്തരദക്ഷിണ കൊറിയന്‍രാജ്യത്തലവന്മാരുടെ ഉച്ചകോടിയെ ലോകം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

ആണവായുധങ്ങള്‍ ഉപേക്ഷിക്കാമെന്ന പ്രഖ്യാപനം നടത്താന്‍ ഉച്ചകോടിയില്‍ ഉത്തരകൊറിയ തയ്യാറായാല്‍ അത് ചരിത്രപരമായ തീരുമാനമായിരുക്കും. ഉത്തരകൊറിയ ആണവമിസൈല്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞയാഴ്ച കിം ജോങ് ഉന്‍ പ്രസ്താവിച്ചിരുന്നു.

കൊറിയന്‍ വിഭജനത്തിനുശേഷം ഇത് മൂന്നാംതവണയാണ് ഇരുരാജ്യങ്ങളുടെയും ഭരണാധികാരികള്‍ കൂടിക്കാഴ്ചയ്ക്ക് തയ്യാറാകുന്നത്. ഇതിനുമുന്‍പ് 2000ലും 2007ലും മാത്രമാണ് ഉത്തരദക്ഷിണ കൊറിയന്‍രാഷ്ട്രത്തലവന്മാര്‍ തമ്മില്‍ ചര്‍ച്ചനടത്തിയത്.

ഉച്ചകോടിയുടെ അജന്‍ഡ മുതല്‍ ഭക്ഷണത്തിന്റെ മെനു വരെയുള്ള കാര്യങ്ങള്‍ സൂക്ഷ്മതയോടെ തീരുമാനിച്ചിട്ടുണ്ടെന്ന് ദക്ഷിണകൊറിയന്‍ അധികൃതര്‍ വ്യക്തമാക്കി. വര്‍ഷങ്ങളായി തുടരുന്ന തര്‍ക്കങ്ങള്‍ക്കൊടുവില്‍ ദക്ഷിണകൊറിയയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കിം ജോങ് ഉന്‍ ജനുവരിയില്‍ പ്രഖ്യാപിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ മഞ്ഞുരുകാനാരംഭിച്ചത്.

ഫെബ്രുവരിയില്‍ ദക്ഷിണകൊറിയയിലെ പ്യോങ്ചാങ്ങില്‍ നടന്ന ശൈത്യകാല ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ ഉത്തരകൊറിയ തയ്യാറായതോടെ അനുരഞ്ജത്തിന് വേഗംകൂടി. ഒരേ പതാകയ്ക്കുകീഴിലാണ് ആ ഒളിമ്പിക്‌സില്‍ ഇരുകൊറിയകളും അണിനിരന്നത്.

ഒളിമ്പിക്‌സിനുശേഷം മാര്‍ച്ചില്‍ ദക്ഷിണകൊറിയയില്‍നിന്നുള്ള ഉന്നതതലസംഘം ഉത്തരകൊറിയയില്‍ സന്ദര്‍ശനം നടത്തുകയും കിം ജോങ് ഉന്നുമായി ചര്‍ച്ചനടത്തുകയും ചെയ്തിരുന്നു. 2011ല്‍ കിം ജോങ് ഉന്‍ ഉത്തരകൊറിയയുടെ ഭരണമേറ്റെടുത്തശേഷം ആദ്യമായിരുന്നു ദക്ഷിണകൊറിയന്‍ ഉന്നതതലസംഘവുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇതിനുപിന്നാലെ ഉത്തരദക്ഷിണ കൊറിയന്‍ നേതാക്കള്‍ തമ്മിലുള്ള ഹോട്ട് ലൈന്‍ ബന്ധവും ഇരുരാജ്യങ്ങളും പുനഃസ്ഥാപിച്ചു.