കത്വവ പീഡനം: വിചാരണ സ്റ്റേ ചെയ്ത് സുപ്രീംകോടതി

single-img
27 April 2018

ജമ്മുകശ്മീരിലെ കത്വവയില്‍ എട്ട് വയസ്സുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിന്റെ വിചാരണ സുപ്രീംകോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു. കേസ് ജമ്മുവിന് പുറത്തേക്ക് മാറ്റണമെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ എത്തിയിരുന്നു.

ഹര്‍ജിയില്‍ തീരുമാനമുണ്ടാവുന്നത് വരെയാണ് സ്റ്റേ. കേസ് മെയ് ഏഴിന് വീണ്ടും കേള്‍ക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ശക്തമായ സാഹചര്യത്തിലാണു വിചാരണ മാറ്റണമെന്ന ആവശ്യവുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തിയത്.

കേസ് അന്വേഷിച്ച ജമ്മു കശ്മീര്‍ ക്രൈംബ്രാഞ്ച് സംഘം ഏഴു പേരെ പ്രതി ചേര്‍ത്തു കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്കെതിരെ മറ്റൊരു കുറ്റപത്രവും കത്വവ ജുവനൈല്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസിലെ വിചാരണ ജമമ്മുകശ്മീരിന് പുറത്തേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് പ്രതികളില്‍ ഒരാളായ സഞ്ജീവ് റാമ്മും ഹര്‍ജി നല്‍കിയിരുന്നു.

പെണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ ഹര്‍ജിയെ ചോദ്യം ചെയ്താണ് സഞ്ജിറാം സുപ്രീംകോടതിയെ സമീപിച്ചത്. താന്‍ നിരപരാധിയാണെന്നാണ് സഞ്ജിറാമിന്റെ വാദം. കേസ് സിബിഐക്ക് വിടണമെന്നും പ്രതികള്‍ ആവശ്യപ്പെടുന്നു. അതിനിടെ കുറ്റപത്രം നല്‍കാനെത്തിയ ക്രൈംബ്രാഞ്ച് സംഘത്തെ തടഞ്ഞിട്ടില്ലെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ അഭിഭാഷക ദീപിക സിംഗിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ജമ്മു കശ്മീര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

നാടോടി ഗോത്രവിഭാഗമായ ബഖര്‍വാല മുസ്‌ലിം സമുദായത്തിലെ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ഒരാഴ്ച തടവില്‍ പീഡിപ്പിച്ചശേഷം ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചുവെന്നാണു കേസ്. ജമ്മുവില്‍നിന്നു 90 കിലോമീറ്റര്‍ അകലെ കത്വവയിലെ രസന ഗ്രാമത്തിലെ ക്ഷേത്രത്തിലെ മുറിയിലാണു കുട്ടിയെ തടവില്‍ വച്ചത്.

മരുന്നു നല്‍കി മയക്കിയശേഷമായിരുന്നു പീഡനം. ജനുവരിയില്‍ നടന്ന സംഭവത്തില്‍ ക്രൈം ബ്രാഞ്ച് തയാറാക്കിയ കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ കഴിഞ്ഞ ഒന്‍പതിനു പുറത്തുവന്നതോടെയാണു സംഭവം ദേശീയശ്രദ്ധ നേടിയത്.

ബഖര്‍വാലകളെ ജമ്മു മേഖലയില്‍നിന്നു തുരത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പീഡനവും കൊലപാതകവുമെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. പ്രതികളില്‍ നാലുപേര്‍ പൊലീസുകാരാണ്. പ്രതികളെ അനുകൂലിച്ചു നടന്ന പ്രകടനത്തില്‍ പങ്കെടുത്ത ജമ്മു കശ്മീരിലെ രണ്ടു ബിജെപി മന്ത്രിമാര്‍ രാജിവച്ചിരുന്നു.