ഞാന്‍ ഒരിക്കലും മതം മാറില്ല; അതിന്റെ ആവശ്യമില്ല; വിമര്‍ശകര്‍ക്ക് പ്രിയാമണിയുടെ മറുപടി

single-img
27 April 2018

ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ബിസിനസുകാരനായ മുസ്തഫയുമായുള്ള പ്രിയാ മണിയുടെ വിവാഹം. വ്യത്യസ്ത മതത്തില്‍പ്പെട്ടവരായതിനാല്‍ വിവാഹത്തിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളും ഇരുവര്‍ക്കും നേരിടേണ്ടി വന്നിരുന്നു. എന്നാല്‍, താന്‍ ഒരിക്കലും മതം മാറില്ലെന്ന് പ്രിയാ മണി വ്യക്തമാക്കി.

കൊടി എന്ന തമിഴ് ചിത്രത്തിന്റെ കന്നഡ പതിപ്പായ ധ്വജയുടെ റിലീസുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയ ഇക്കാര്യം വെളിപ്പെടുത്തിയത്. ‘വിവാഹവുമായി ബന്ധപ്പെട്ട ട്രോളുകളും വിമര്‍ശനങ്ങളും ഒരു ചെവിയില്‍ കൂടി കേട്ട് മറ്റേ ചെവിയില്‍ കൂടി പുറത്തു കളയും.

മറ്റുള്ളവര്‍ നമ്മുടെ സ്വകാര്യതയിലേക്ക് കടന്നു കയറി ആക്രമിക്കുന്നത് ശരിയായ കാര്യമല്ലല്ലോ. ഒരു നടിയുടെ ആഘോഷങ്ങളില്‍, സന്തോഷങ്ങളില്‍ നിങ്ങള്‍ക്ക് ഭാഗമാകേണ്ട എങ്കില്‍ അവരെ വിമര്‍ശിക്കാനുള്ള അധികാരവും നിങ്ങള്‍ക്കില്ല. പിന്നെ മറ്റൊരു ശ്രദ്ധേയമായ കാര്യം എന്തുകൊണ്ടാണ് തെന്നിന്ത്യന്‍ താരങ്ങളെ മാത്രം ഇവരൊക്കെ ട്രോളുന്നത്?.

നേരെമറിച്ച് ബോളിവുഡ് താരങ്ങളെ ഇപ്രകാരം ട്രോളുന്നില്ല? ബോളിവുഡിലും ഇത്തരത്തില്‍ വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട ആളുകള്‍ വിവാഹം ചെയ്യുന്നുണ്ട്. അവരെയെല്ലാം ഇരു കയ്യും നീട്ടി സ്വീകരിക്കുന്നുമുണ്ട്. ഇവിടെ തെന്നിന്ത്യയില്‍ മാത്രമേ ഇത്തരം ഒരു പ്രവണതയുള്ളൂ.

യഥാര്‍ത്ഥത്തില്‍ എനിക്കെന്റെ മാതാപിതാക്കളോടും മുസ്തഫയോടും അദ്ദേഹത്തിന്റെ മാതാപിതാക്കളോടും മാത്രമേ മറുപടി പറയേണ്ടതുള്ളൂ. മറ്റാര്‍ക്കും മറുപടി നല്‍കേണ്ട ആവശ്യം എനിക്കില്ല. എനിക്കിഷ്ടമുള്ളത് ഞാന്‍ എനിക്ക് തോന്നുമ്പോള്‍ ചെയ്യും. ഞാന്‍ ഹിന്ദുസമുദായത്തിലാണ് വളര്‍ന്നത്.

മുസ്തഫ മുസ്‌ലിം ആയും. ഞാന്‍ മുസ്‌ലിം മതത്തിലേക്ക് മാറുമെന്നാണ് വിമര്‍ശകരുടെ വിചാരം. പക്ഷെ അതിന്റെ ആവശ്യമില്ല. അതിനാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് ഉള്ളത്. ഞങ്ങള്‍ രണ്ടു പേരും മറ്റേയാളുടെ ആചാരങ്ങളെ ബഹുമാനിക്കുന്നു. പക്ഷേ ഞാനെന്റെ മതം മാറാന്‍ പോകുന്നില്ല.

ഇത് ഞാന്‍ മുസ്തഫയുമായും അദ്ദേഹത്തിന്റെ മാതാപിതാക്കളുമായും പണ്ടേ സംസാരിച്ചിട്ടുള്ളതാണ്. അവര്‍ക്ക് അതിന് പണ്ടേ സമ്മതവുമായിരുന്നു.’ പ്രിയാ മണി പറഞ്ഞു. 2017 ആഗസ്റ്റ് 23നായിരുന്നു പ്രിയാ മണിയും മുസ്തഫാ രാജും ബാംഗ്ലൂരിലെ റജിസ്റ്റര്‍ ഓഫീസിലെ ലളിതമായ ഒരു ചടങ്ങിലൂടെ വിവാഹിതരായത്.