ഇന്ത്യയും ചൈനയും ഒന്നിച്ചു നീങ്ങണമെന്ന് ഷി ജിന്‍ പിങ്: ചൈനയില്‍ മോദിക്ക് പിരിമുറുക്കമെന്ന് രാഹുല്‍ ഗാന്ധി

single-img
27 April 2018

ബീജിങ്: ഇന്ത്യക്കും ചൈനക്കും ലോകത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കെന്ന് ചൈനീസ് പ്രസിഡന്റ്് ഷി ജിന്‍ പിങ്. ഒന്നിച്ച് കരുത്തുള്ള ഏഷ്യ പടുത്തുയര്‍ത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ചൈനീസ് പ്രസിഡന്റ്് പറഞ്ഞു.

രണ്ട് ശക്തികളുടെ കൂടിക്കാഴ്ചയാണിതെന്നും ഫലവത്തായ ചര്‍ച്ച നടന്നെന്നും മോദിയും പ്രതികരിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകാന്‍ കൂടിക്കാഴ്ച സഹായിക്കുമെന്ന കണക്കു കൂട്ടലിലാണ് ഇരു രാജ്യങ്ങളും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വന്‍ വരവേല്‍പാണ് ചൈനയില്‍ ലഭിച്ചത്.

സ്വീകരിക്കാന്‍ രണ്ടാം തവണയും ഷി ജിന്‍ പിങ് നേരിട്ടെത്തിയിരുന്നതായും ഇത് ഇന്ത്യന്‍ ജനങ്ങള്‍ക്കുള്ള അംഗീകാരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ചൈനയുടെ വളര്‍ച്ച അത്ഭുതകരമാണ്, ഇതില്‍ ഷി ജിന്‍ പിങ്ങിനുള്ള പങ്കിനെ മോദി പ്രശംസിച്ചു. വസന്തകാലത്ത് ഇത്തരമൊരു സന്ദര്‍ശനത്തിനെത്തിയത് നന്നായി എന്നായിരുന്നു ഷി ജിന്‍ പിങ്ങിന്റെ പ്രതികരണം.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി ചൈനയിലെത്തിയത്. ആദ്യ ദിനം ചര്‍ച്ചകള്‍ക്ക് ശേഷം പ്രധാനമന്ത്രിക്കായി ഷി ജിന്‍ പിങ് അത്താഴ വിരുന്ന് ഒരുക്കിയിട്ടുണ്ട്. നാളെ ബോട്ട് സഫാരി, തടാകത്തിന്റെ കരയില്‍ നടന്നുള്ള സംഭാഷണം എന്നീ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

അതേസമയം ചൈന സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. നിശ്ചിത അജണ്ടകളില്ലാതെ നടത്തുന്ന ചൈനാ സന്ദര്‍ശനത്തില്‍ പിരിമുറുക്കമുള്ളതുപോലെയാണ് പ്രധാനമന്ത്രി മോദി കാണപ്പെട്ടതെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ട്വീറ്റിലാണ് ചൈനാ സന്ദര്‍ശനം സംബന്ധിച്ച് പരിഹാസ രൂപേണയുള്ള പരാമര്‍ശമുള്ളത്. ‘പ്രിയപ്പെട്ട പ്രധാനമന്ത്രി, നിശ്ചിത അജണ്ടകളില്ലാതെ താങ്കള്‍ നടത്തുന്ന ചൈന സന്ദര്‍ശനത്തിന്റെ ടിവി ദൃശ്യങ്ങളില്‍ താങ്കള്‍ പിരിമുറുക്കത്തോടെയാണ് കാണപ്പെട്ടത്’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ട്വീറ്റില്‍ ചൈനയുമായി നിലനില്‍ക്കുന്ന ഡോക്‌ലാം പ്രശ്‌നം, പാക് അധീന കശ്മീരില്‍ക്കൂടി കടന്നുപോകുന്ന ചൈനപാകിസ്താന്‍ സാമ്പത്തിക ഇടനാഴി തുടങ്ങിയ സുപ്രധാനമായ വിഷയങ്ങള്‍ പ്രധാനമന്ത്രിയെ ഓര്‍മിപ്പിക്കുകയും ചെയ്യുന്നുണ്ട് രാഹുല്‍ ഗാന്ധി. നിര്‍ണായകമായ ഈ വിഷയങ്ങള്‍ ചൈനയുമായി താങ്കള്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ ട്വീറ്റില്‍ പറയുന്നു.