ലിഗയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ്

single-img
27 April 2018

വിദേശവനിത ലിഗയുടെ മരണകാരണം കഴുത്ത് ഞെരിച്ചതാകാമെന്ന് പൊലീസ്. പൊലീസ് സര്‍ജന്‍മാരുടെ പ്രാഥമിക അഭിപ്രായം ഇതാണെന്ന് കമ്മിഷണര്‍ പി.പ്രകാശ് പറഞ്ഞു. ലിഗയുടേത് കൊലപാതകമെന്ന സംശയം ബലപ്പെടുന്നതിനിടെയാണ് കമ്മീഷണറുടെ വിശദീകരണം.

ഒട്ടേറെപ്പേറെ ചോദ്യം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. അന്വേഷണം നല്ല രീതിയിലാണ് നടക്കുന്നത്. എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്നും ശാസ്ത്രീയ പരിശോധന ഫലം വന്നാലെ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കൂവെന്നും കമ്മീഷണര്‍ അറിയിച്ചു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നാളെ ലഭിക്കും. ചോദ്യം ചെയ്യുന്നവരില്‍ കോവളത്തെ ഒരു അനധികൃത ടൂറിസ്റ്റ് ഗൈഡിനെയും ഒരു പുരുഷ ലൈഗിക തൊഴിലാളിയെയുമാണ് കൂടുതല്‍ സംശയിക്കുന്നത്. കസ്റ്റഡിയിലുള്ളവരെല്ലാം പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കുന്നത്. മൊഴികളിലെ ദുരൂഹത മാറ്റാന്‍ മനഃശാസ്ത്ര വിദഗ്ദരുടെ സഹായവും തേടിയിട്ടുണ്ട്.

കസ്റ്റഡിയിലുള്ള പുരുഷ ലൈംഗിക തൊഴിലാളി നേരത്തെയും വിദേശ വനിതകളെ ഉള്‍പ്പെടെ ആക്രമിച്ച കേസിലെ പ്രതിയാണ്. വിശദമായി ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ പരസ്പര വിരുദ്ധമായ മൊഴിയാണ് നല്‍കുന്നത്. ലിഗ ലൈംഗിക പീഡനത്തിന് ഇരയായോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചാലേ ഇതും സ്ഥിരീകരിക്കാനാവൂ. ഇതിന് പുറമെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഇന്ന് ഫോറന്‍സിക് വിദഗ്ദര്‍ പരിശോധന നടത്തി. സമീപത്തുള്ള ഫൈബര്‍ വള്ളവും പരിശോധിച്ചു. പ്രദേശത്തെ കാടുവെട്ടിത്തെള്ളിച്ചായിരുന്നു അന്വേഷണം.

ലിഗ കൊല്ലപ്പെട്ടതാണെന്നും അതിന് പിന്നില്‍ പ്രാദേശിക ലഹരി മരുന്ന് സംഘങ്ങളെന്നുമുള്ള ശക്തമായ തെളിവുകളാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്. ഇതിലേക്ക് വിരല്‍ചൂണ്ടുന്നതാണ് പ്രദേശത്തെ ഏക തോണിക്കാരന്‍ നാഗേന്ദ്രന്റെ വെളിപ്പെടുത്തല്‍.

ലിഗയെ അവസാനമായി കണ്ട കോവളം ബീച്ചില്‍ നിന്ന് മൃതദേഹം കണ്ടെത്തിയ കാട്ടിലേക്ക് പോകാനുള്ള പ്രധാനമാര്‍ഗമാണ് ഈ വള്ളം. ഇതുവഴി കഞ്ചാവ് ഉപയോഗിക്കുന്ന ധാരാളം പേര്‍ വരാറുള്ളതായി കടത്തുകാരന്‍ സാക്ഷ്യപ്പെടുത്തുന്നു. ലിഗയുടെ മൃതദേഹം ഒരു മാസത്തോളം ഈ കാട്ടില്‍ കിടന്ന സമയത്ത് പോലും ഇക്കൂട്ടര്‍ ഇവിടെയെത്തിയിരുന്നുവെന്നാണ് ഈ വാക്കുകള്‍ തെളിയിക്കുന്നത്.

ഇതോടെയാണ് ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയതും നാല് പേരെ കസ്റ്റഡിയിലെടുത്തതും. കോവളത്തെത്തിയ ലിഗയെ വിശ്വാസം നടിച്ച് ഇവര്‍ ഇവിടേക്ക് കൂട്ടിക്കൊണ്ടുവന്നെന്നാണ് വിലയിരുത്തല്‍. പിന്നീട് മാനഭംഗശ്രമം പോലുള്ള ബലപ്രയോഗം നടന്നോയെന്നറിയാന്‍ സ്ഥലത്ത് ഫൊറന്‍സിക് പരിശോധന തുടരുകയാണ്.

പൊലീസിനും സര്‍ക്കാറിനും വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയ സംഭവമെന്ന നിലയില്‍ പഴുതടച്ച അന്വേഷണം തന്നെ ഉറപ്പുവരുത്താനാണ് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ നേരിട്ട് ഇടപെടുന്നത്. അന്വേഷണ സംഘത്തിന്റെ യോഗവും അടുത്ത ദിവസങ്ങളില്‍ ഡി.ജി.പി വിളിച്ചു ചേര്‍ത്തിട്ടുണ്ട്