ഇനി ഭായ്… ഭായ്…; 68 വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിച്ചു; സമാധാനത്തില്‍ പോകാന്‍ ഇരുകൊറിയന്‍ നേതാക്കളും തമ്മില്‍ ധാരണ

single-img
27 April 2018

ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്നും ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഉന്നും തമ്മില്‍ നടന്ന സമാധാന ചര്‍ച്ചക്കൊടുവില്‍ കൊറിയന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. ഇരു രാഷ്ട്രത്തലവന്‍മാരും മണിക്കൂറുകളോളം നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ഇന്ന് രാവിലെയാണ് ഉത്തരകൊറിയന്‍ നേതാവ് കിം, ദക്ഷിണ കൊറിയയിലെത്തിയത്. അതിര്‍ത്തിയില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ നേരിട്ടെത്തി അയല്‍രാജ്യത്തലവനെ സ്വീകരിച്ചു. മേഖലയില്‍ മാത്രമല്ല, ലോകത്താകമാനം സമാധാനത്തിന്റെ പാതകളില്‍ പുതുചരിത്രമെഴുതുന്നതാണ് ഇരുകൊറിയകളും തമ്മിലുള്ള ബന്ധത്തിലെ പുതിയ കാല്‍വെയ്പ്പുകള്‍.

ഒരു ദശകത്തിന് ശേഷമാണ് ഇരുകൊറിയന്‍ തലവന്‍മാരും തമ്മില്‍ ചര്‍ച്ചകള്‍ നടന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഉത്തരകൊറിയന്‍ ഭരണത്തലവന്‍ ദക്ഷിണകൊറിയയിലെത്തിയത്. ഈ ചര്‍ച്ചയിലാണ് ലോകചരിത്രത്തില്‍ തന്നെ നിര്‍ണായകമായ തീരുമാനങ്ങള്‍ ഉണ്ടായത്.

ഇരു കൊറിയകളും തമ്മിലുള്ള വൈര്യവും യുദ്ധവും അവസാനിപ്പിക്കാനും മേഖലയില്‍ ആണവനിരായുധീകരണത്തിനുമാണ് ഇരുരാഷ്ട്ര നേതാക്കളും തമ്മില്‍ ധാരണയായത്. ഇന്ന് ഉരുത്തിരിഞ്ഞ ധാരണകളെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കാനും രാഷ്ട്രത്തലവന്‍മാര്‍ തമ്മില്‍ ഒപ്പുവച്ച ധാരണയില്‍ വ്യക്തമാക്കുന്നു.

സമാധാനത്തിന്റെ പുതിയ ചരിത്രം ഇവിടെ തുടങ്ങുകയാണ് എന്നാണ് പാന്‍ മുന്‍ ജോമിലെ സന്ദര്‍ശക ഡയറിയില്‍ കിം ജോംഗ് ഉന്‍ കുറിച്ചത്. 1953ല്‍ കൊറിയന്‍ യുദ്ധം അവസാനിച്ചിരുന്നെങ്കിലും ഇരു രാജ്യങ്ങളും പരസ്പരം പോര്‍വിളി നടത്തി മുഖംതിരിച്ചു നില്‍ക്കുകയായിരുന്നു.

നിരവധി തവണ പരസ്പരം മിസൈലുകള്‍ തൊടുക്കുകയും അതിര്‍ത്തിയില്‍ വെടിവെയ്പ്പ് നടത്തുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഇനി കൊറിയയില്‍ ഒരു യുദ്ധമുണ്ടാകില്ലെന്നും സമാധാനത്തിനായി നിലകൊള്ളുമെന്നും ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂന്‍ ജെ ഇന്നും വ്യക്തമാക്കി.