കാനം രാജേന്ദ്രനെ തള്ളി കോടിയേരി; ‘മറ്റു പാര്‍ട്ടികളുടെ വോട്ട് വേണ്ടെന്നുപറയാന്‍ ഘടകകക്ഷി നേതാവിന് അധികാരമില്ല’

single-img
27 April 2018

കണ്ണൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ വോട്ട് വേണ്ടന്ന കാനം രാജേന്ദ്രന്റെ പ്രസ്താവന തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ വോട്ട് വേണ്ടെന്ന് കാനത്തിന് പറയാനാകില്ലെന്ന് കോടിയേരി പറഞ്ഞു.

ഇക്കാര്യം തീരുമാനിക്കേണ്ടത് എല്‍ഡിഎഫ് സംസ്ഥാന സമിതിയാണ്. ഒരു ഘടകകക്ഷിക്ക് മാത്രമായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനോട് അതൃപ്തിയുള്ളവര്‍ ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യും.

കോണ്‍ഗ്രസിനോട് കേരള കോണ്‍ഗ്രസിനും അതൃപ്തിയാണെങ്കില്‍ അവര്‍ക്കും എല്‍ഡിഎഫിന് വോട്ട് ചെയ്യാം. ചെങ്ങന്നൂരില്‍ എല്ലാവരുടെയും വോട്ടുകള്‍ സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു. കാനത്തിന് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കി കെഎം മാണിയും നേരത്തെ രംഗത്തെത്തിയിരുന്നു.

അതിന് പിന്നാലെയാണ് കോടിയേരിയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയം. ചെങ്ങന്നൂരില്‍ ആര്‍ക്ക് വോട്ടുചെയ്യണമെന്ന് കേരള കോണ്‍ഗ്രസിനറിയാമെന്ന് കെഎം മാണി തുറന്നടിച്ചു. കേരള കോണ്‍ഗ്രസിന്റെ വോട്ടുവേണ്ടെന്ന കാനത്തിന്റെ നിലപാട് സിപിഎമ്മിനെ തോല്‍പ്പിക്കാനാണ്. സിപിഎം തോറ്റാല്‍ സിപിഐയ്ക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നും മാണി പരിഹസിച്ചു.