കാനം രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി കെഎം മാണി: ചെങ്ങന്നൂരില്‍ സിപിഎമ്മിനെ തോല്‍പ്പിക്കുകയാണ് കാനത്തിന്റെ ലക്ഷ്യം

single-img
27 April 2018

കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണി. ചെങ്ങന്നൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുകയാണ് കാനത്തിന്റെ ലക്ഷ്യമെന്ന് മാണി കുറ്റപ്പെടുത്തി.

ഇതിലൂടെ കാനം ലക്ഷ്യമിടുന്നത് സിപിഎമ്മിനെ ആണെന്നും മാണി പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മാണിയുടെ പിന്തുണ വേണ്ടെന്ന കാനത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മാണി. ഒരു വെടിക്ക് രണ്ട് പക്ഷി എന്നതാണ് കാനത്തിന്റെ നിലപാട്.

ചെങ്ങന്നൂരിലെ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ നിലപാട് എന്താണെന്ന് പ്രവര്‍ത്തകര്‍ക്കറിയാം. ചെങ്ങന്നൂരില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് പാര്‍ട്ടി ഇന്ന് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും മാണി പറഞ്ഞു. ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന് ജയിക്കാന്‍ മാണിയുടെ ആവശ്യമില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം കാനം രാജേന്ദ്രന്‍ പറഞ്ഞത്.

കഴിഞ്ഞ തവണ എല്‍ഡിഎഫ് ജയിച്ചത് മാണിയുടെ പന്തുണ ഇല്ലാതെയാണെന്നും ഇത്തവണ സജി ചെറിയാനും മാണിയുടെ പിന്തുണ ഇല്ലാതെ വിജയിക്കാന്‍ കഴിയുമെന്നും കാനം പറഞ്ഞിരുന്നു.