ചരിത്രം തിരുത്തി ഇന്ദു മല്‍ഹോത്ര സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു

single-img
27 April 2018

ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റു. ഇന്ദു മല്‍ഹോത്രക്കൊപ്പം സുപ്രീം കോടതി ജഡ്ജിയായി കൊളീജിയം ശിപാര്‍ശ ചെയ്ത ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ തഴഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ന്യായാധിപരില്‍ അമര്‍ഷം പുകയുന്നതിനിടെയാണ് ചുമതലയേറ്റത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെടുന്ന ആദ്യ വനിത അഭിഭാഷകയാണ് ഇന്ദുമല്‍ഹോത്ര. കഴിഞ്ഞദിവസമാണ് ഇന്ദുമല്‍ഹോത്രയെ ജഡ്ജിയായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി ഭവനില്‍ നിന്നുണ്ടായത്.

സ്വാതന്ത്ര്യത്തിനു ശേഷം സുപ്രീംകോടതി ജഡ്ജിയാകുന്ന ഏഴാമത്തെ വനിതായാണ് ഇവര്‍. ഹൈക്കോടതികളില്‍ നിന്ന് സ്ഥാനക്കയറ്റം ലഭിച്ചാണ് ഇതുവരെ വനിതകള്‍ സുപ്രിം കോടതി ജഡ്ജിമാരായിട്ടുള്ളത്. ആ കീഴ്‌വഴക്കത്തിന് ഒരു പൊളിച്ചെഴുത്താണ് ഇന്ദു മല്‍ഹോത്രയുടെ സ്ഥാനക്കയറ്റത്തോടെ ഉണ്ടായിരിക്കുന്നത്.

1956ല്‍ ബെംഗളൂരുവിലാണ് ഇന്ദു മല്‍ഹോത്രയുടെ ജനനം. സുപ്രീംകോടതി അഭിഭാഷകനായിരുന്ന അച്ഛന്‍ ഓം പ്രകാശ് മല്‍ഹോത്രയുടെ പാത പിന്തുടര്‍ന്ന് നിയമരംഗത്തെത്തി. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നാണ് നിയമബിരുദം. 1983ലാണ് പ്രാക്ടീസ് തുടങ്ങിയത്.

കെഎം ജോസഫിന്റെ നിയമനത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കാത്ത സാഹചര്യത്തില്‍ ഇന്ദു മല്‍ഹോത്രയുടെ സത്യപ്രതിജ്ഞ റദ്ദാക്കണമെന്ന് കഴിഞ്ഞ ദിവസം മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഈ ആവശ്യം തള്ളുുകയായിരുന്നു. രാഷ്ട്രപതിയുടെ ഉത്തരവ് റദ്ദാക്കുന്ന കാര്യം ആലോചിക്കാന്‍ പോലും ആകില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടത്.